ഉത്തര്‍പ്രദേശ്: പതിനഞ്ചു രൂപയുടെ കടത്തിന്റെ പേരില്‍ കടക്കാരന്‍ ദളിത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മേയ്ന്‍പുരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ദളിത് ദമ്പതികള്‍ രണ്ട് ദിവസം മുന്‍പ് കടയില്‍ നിന്നും ഒരു പാക്കറ്റ്‌ ബിസ്‌കറ്റ് വാങ്ങിയിരുന്നു. പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ദമ്പതിമാര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍ വ്യാഴാഴ്ച രാവിലെ ഇരുവരും ജോലിക്ക് പോകവെ കടയുടമ അശോക് മിശ്ര പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങളുടെ പക്കല്‍ ഇപ്പോള്‍ പണമില്ലെന്നും കുറച്ച് കൂടി സമയം അനുവദിക്കണമെന്നും ഇവര്‍ അപേക്ഷിച്ചു.

ഇതില്‍ ക്ഷുഭിതനായ അശോക് മിശ്ര കൈയില്‍ കരുതിയ മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.