ജയ്പുര്‍: ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. കീഴ്ജാതിക്കാരനെന്ന് ആരോപിച്ചാണ് മേല്‍ജാതിക്കാരായ ഒരുകൂട്ടം ആളുകള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ധനേരിയ ഗ്രാമത്തില്‍ ജൂണ്‍ ഒന്നിനാണ് യുവാവിനെതിരെ ക്രൂരമായ അക്രമം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇനിയൊരിക്കലും ക്ഷേത്രത്തില്‍ കയറില്ലെന്നും ഉപദ്രവിക്കരുതെന്നും കരഞ്ഞപേക്ഷിക്കുന്നതും അത് അവഗണിച്ച് അക്രമികള്‍ യുവാവിനെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവം നടന്ന് രണ്ടു ദിവസത്തിന ശേഷം മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മാവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ കേസെടുക്കുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതിയില്‍ യുവാവിനെതിരെ കേസെടുത്തതായും യുവാവിനെ ജുവനൈല്‍ ഹോമില്‍ അയച്ചതായും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയില്‍ 23 വയസ്സുകാരനായ ദളിത് യുവാവ് മേല്‍ജാതിക്കാരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാനില്‍ നിന്ന് ജാതീയതയുടെ പേരില്‍ ആക്രമണത്തിനിരയായ വാര്‍ത്ത പുറത്തുവരുന്നത്.

Content Highlights: Dalit boy tied up, thrashed by group of men, Rajasthan, mob lynching