ന്യൂഡല്‍ഹി:  ടിബറ്റ് ആത്മീയാചാര്യൻ ദലൈലാമ ഈ വര്‍ഷം അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കും. മുന്‍കാലങ്ങളില്‍ ദലൈലാമയുടെ സന്ദര്‍ശനം ചൈന എതിര്‍ത്തിരുന്നു. തവാങിലെ ബുദ്ധവിഹാരത്തില്‍ അദ്ദേഹം പ്രസംഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദലൈലാമ തവാങില്‍ സന്ദര്‍ശനം നടത്തുന്നത് മുമ്പും ചൈന എതിർത്തിരുന്നു.  ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്താണ് ബുദ്ധവിഹാരം എന്നാണ് ചൈന പറയുന്നത്. 2009ലെ ആഘോഷത്തില്‍ ദലൈലാമ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. 

കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റിച്ചാര്‍ഡ് വര്‍മ അരുണാചൽ മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം തവാങ് ഫെസ്റ്റിവല്ലില്‍ പങ്കെടുത്തിതിനെയും ചൈന എതിർത്തിരുന്നു. റിച്ചാര്‍ഡ് വര്‍മയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നതായും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ അമേരിക്ക ഇടപെടുന്നത് അംഗീകരിക്കില്ലെന്നുമായിരുന്നു  ചൈനീസ് വിദേശകാര്യവക്താവ് ലു കാങ് പറഞ്ഞത്.

എന്നാൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചല്‍പ്രദേശ് അമേരിക്കന്‍ സ്ഥാനപതി സന്ദര്‍ശിച്ച നടപടിയില്‍ അസാധാരണമായൊന്നുമില്ലെന്നിയിരുന്നു ഇന്ത്യന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ തവാങ്ങിലെത്തിയത്.
 
ആഗസ്തില്‍ സംസ്ഥാനത്ത് ക്രൂസ് മിസൈലുകള്‍ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും ചൈന എതിര്‍ത്തിരുന്നു. എന്നാല്‍, രാജ്യത്തിന്റെ സുരക്ഷാ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനങ്ങളെടുക്കുന്നതെന്നു പറഞ്ഞ് സൈന്യം ചൈനയുടെ നിലപാടിനെ തള്ളുകയായിരുന്നു. കിഴക്കന്‍ ഹിമാലയത്തിലെ അരുണാചല്‍ പ്രദേശുള്‍പ്പെടുന്ന 90,000 ചതുരശ്ര കി.മീ സ്ഥലം തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിന്മേലാണ് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നടക്കുന്നത്.