ബെയ്ജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. അടുത്ത വര്‍ഷം ആദ്യമാണ് ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കുക. 

ദലൈലാമയുടെ സന്ദര്‍ശനം അതിര്‍ത്തിയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തിരിച്ചടിയാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ഇന്ത്യ ദലൈലാമയുടെ സന്ദര്‍ശനത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ലു കാങ്.

അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്റെ ക്ഷണപ്രകാരമാണ് ലാമ അരുണാചലില്‍ എത്തുന്നത്. അരുണാചല്‍ ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗം വ്യക്തമാണ്. ഇതേക്കുറിച്ച് ഇന്ത്യക്കും അറിവുള്ളതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ലാമയെ സ്വീകരിക്കുന്നത് ശരിയായ നടപടിയല്ല -ചൈനീസ് വക്താവ് പറഞ്ഞു.

അതേസമയം ദലൈലാമ ഇന്ത്യയുടെ അതിഥിയാണെന്നും അദ്ദേഹത്തിന് രാജ്യത്തിന്റെ ഏതു ഭാഗവും സന്ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ദലൈലാമയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ബുദ്ധമത വിശ്വാസികള്‍ അരുണാചലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുമ്പും ദലൈലാമ സംസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ടെന്നും വീണ്ടും സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും വികാസ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു.