ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അടുത്ത ഉപദേശകരുടെ ഫോണും ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. നിരവധി ടിബറ്റന്‍ ഓഫീസര്‍മാരുടെയും ആക്റ്റിവിസ്റ്റുകളുടെയും 2017 മുതല്‍ 2019 വരെയുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നും സൂചനയുണ്ട്. എന്നാല്‍, ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇവരുടെ ഫോണുകള്‍ ചോര്‍ത്തലിന് വിധേയമായോ എന്ന കാര്യം വ്യക്തമാകൂ.

ഡല്‍ഹിയിലുള്ള ദലൈലാമയുടെ അടുത്ത ദൂതനായ ടെമ്പാ സെറിങ്ങിന്റെ പേരും പട്ടികയിലുണ്ട്. നിലവില്‍ അദ്ദേഹം ദലൈലാമയുടെ ഇന്ത്യയുടെയും ഈസ്റ്റ് ഏഷ്യയുടെയും ഓഫീസിന്റെ ഡയറക്ടറാണ്. ഫോണുകള്‍ നിരീക്ഷിച്ചിരുന്ന സമയത്താണ് ദലൈലാമ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നത്. ദോക്ലാം പ്രതിസന്ധിമൂലം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വീണ്ടും പുനരാരംഭിക്കുന്ന സമയം കൂടിയായിരുന്നു അത്. 

അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കുന്ന സമിതിയുടെ തലവനായ സാംദോങ് റിംപോച്ചെയുടെ പേരും നിരീക്ഷണ ലിസ്റ്റില്‍ 2018 മധ്യത്തോടെ ചേര്‍ത്തിരുന്നു. ഇന്ത്യയിലെ നിരവധി ടിബറ്റന്‍ പ്രവര്‍ത്തകരുടെ ഫോണും ചോര്‍ത്തിയിരുന്നതായി വിവരം. ദലൈലാമയുടെ ഉപദേശകരുടെ ഫോണുകള്‍ ചോര്‍ത്തി വിവരം ഗവണ്‍മെന്റുകള്‍ക്ക് കൈമാറാനായി ഉപയോഗിച്ചുവെന്നാണ് വിവരം. 'ദി വയര്‍' അടക്കം 17 മാധ്യമസ്ഥാപനങ്ങളാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറംലോകത്തെ അറിയിച്ചത്.

Content Highlights: dalai lama's advisers phone were selected for survelliance