ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു. കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച റോബിന്‍ എന്ന രവി (20)യുടെ മൃതദേഹത്തിലാണ് ഗ്രാമവാസികള്‍ ദേശീയ പതാക പുതപ്പിച്ചത്. മരിച്ചു മൂന്ന് ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌ക്കരിക്കാനും ബന്ധുകള്‍ തയ്യാറായിട്ടില്ല.

ജയില്‍ അധികൃതരുടെ മര്‍ദനമേറ്റാണ് രവി മരിച്ചതെന്നും രവി രക്തസാക്ഷിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദേശീയ പതാക പുതപ്പിച്ചത്.

രാജ്യത്തിന് തന്നെ അപമാനമായ കേസിലെ പ്രതിയെ ദേശീയപതാക പുതപ്പിച്ചത് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. സാധരണയായി ഉന്നതവ്യക്തികളുടെയും ധീരജവാന്‍മാരുടെയും മൃതദേഹത്തിലാണ് രാജ്യത്തിന്റെ ആദരം അറിയിക്കാന്‍ ദേശീയ പതാക പുതപ്പിക്കാറുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

രവിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച  10 ലക്ഷം രൂപ നഷ്ടപരിഹാരം ഒരു കോടിയാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദാദ്രി സംഭവത്തില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദിനെ ഗോവധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇയാള്‍ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചത്. വൃക്ക തകരാറും ഉയര്‍ന്ന പ്രമേഹവും കൊണ്ട് അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പട്ട ഇയാളുടെ ആരോഗ്യനില ചൊവ്വാഴ്ച വൈകുന്നേരത്തോടെ വഷളാവുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തുടര്‍ന്ന് ഇയാളുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയായിരുന്നു.

ദേശീയ തലത്തില്‍ വിവാദമായ ദാദ്രി സംഭവത്തില്‍ 18 പേരാണ് പ്രതികള്‍. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖി (52) നെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. അഖ്ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

അഖ്ലാഖിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. എന്നാല്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന് പിന്നീട് നടത്തിയ മറ്റൊരു പരിശോധനാ ഫലം പറയുന്നു.