പനാജി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് വയോധികനെ കൊലപ്പെടുത്തിയതുപോലെയുള്ള സംഭവങ്ങള്‍ ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും ദോഷമുണ്ടാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഞായറാഴ്ച രാത്രി നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചില സംഭവങ്ങള്‍ രാഷ്ട്രീയ താത്പര്യത്തിനുവേണ്ടി ഊതിപ്പെരുപ്പിക്കുന്നു. ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും രാജ്യത്തിന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം സംഭവങ്ങള്‍. പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെയും ഇവ ബാധിക്കും. ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെക്കുറിച്ച് വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരീക്കറുടെ പരാമര്‍ശം. താന്‍ ആര്‍.എസ്.എസ്സുകാരനാണെന്നും സംഘടനയ്ക്ക് ഇത്തരം സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പരീക്കര്‍ പറഞ്ഞു.