ചിത്രകൂട്ട്: കുപ്രസിദ്ധ കൊള്ളക്കാരന്‍ ഗൗരി യാദവിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റമുട്ടലിലാണ് സര്‍ക്കാര്‍ 5.5 ലക്ഷം തലയ്ക്ക് വിലയിട്ട ഗൗരി യാദവ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

ചിത്രകൂട്ട് ജല്ലയിലെ ബഹില്‍പുവാര പോലീസ് സ്‌റ്റേഷന് സമീപമുള്ള കാട്ടില്‍ വെച്ച് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഗൗരി യാദവിന്റെ സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. സംഘാംഗങ്ങളില്‍ ചിലര്‍ പോലീസ് പിടിയിലാവുകയും ചിലര്‍ രക്ഷപ്പെടുകയും ചെയ്തു.

സംഭവ സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരവും പിടികൂടിയിട്ടുണ്ട്. എ.കെ 47 റൈഫിളുകളും കലാഷ്‌നികോവ് സെമി ഓട്ടോമാറ്റിക്ക് റൈഫിളുകളും ഉള്‍പ്പെടുന്നതാണ് ആയുധ ശേഖരം. 

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി 20-ല്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഗൗരി യാദവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കതിരെയുള്ളത്.

Content Highlights: Dacoit Gauri Yadav with Rs 5.5 lakh reward shot dead in encounter with UP STF