രോഹിണി സിന്ദൂരി, ഡി.രൂപ | Photo: facebook.com/roopad.moudgil & Facebook.com/We support Rohini Sindhuri IAS
ബെംഗളൂരു: കര്‍ണാടകത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോര് മുറുകുന്നു. ഏറ്റവുമൊടുവില്‍ രോഹിണി സിന്ദൂരിയുടെ ചില സ്വകാര്യ ചിത്രങ്ങളാണ് ഡി.രൂപ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് രോഹിണി സിന്ദൂരി അയച്ചുനല്‍കിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ഏഴ് ചിത്രങ്ങള്‍ രൂപ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സര്‍വീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം.
അതേസമയം, രൂപയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ് അവര്‍ പെരുമാറുന്നതെന്നും രോഹിണി സിന്ദൂരി പ്രതികരിച്ചു. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്നും വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍നിന്നും സ്‌ക്രീന്‍ഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയാണെന്നും രൂപയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി പറഞ്ഞു.
രോഹിണി സിന്ദൂരി നിലവില്‍ ദേവസ്വം കമ്മിഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമാണ്.
ശനിയാഴ്ച രോഹിണി സിന്ദൂരിക്കെതിരേ അഴിമതി ഉള്‍പ്പെടെയുള്ള ഇരുപതോളം ആരോപണങ്ങളാണ് രൂപ സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് രോഹിണിയുടെ ചില സ്വകാര്യ ചിത്രങ്ങളും അവര്‍ പങ്കുവെച്ചത്. രോഹിണി സിന്ദൂരി ജെ.ഡി.എസ്. എം.എല്‍.എ. സാരാ മഹേഷുമൊന്നിച്ച് റെസ്റ്റോറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് രൂപ ആരോപണങ്ങളുന്നയിച്ചു തുടങ്ങിയത്.
2021-ല്‍ രോഹിണി മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് അഴിമതിയെ ചൊല്ലി എം.എല്‍.എ.യുമായി പലതവണ വാക്കേറ്റമുണ്ടായിരുന്നു. കനാല്‍ കയ്യേറി എം.എല്‍.എ. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെന്ന് കാണിച്ച് രോഹിണി എം.എല്‍.എ.ക്കെതിരേ റിപ്പോര്‍ട്ടും നല്‍കി. ഇതിനെതിരേ എം.എല്‍.എ. രോഹിണിക്കെതിരേ അപകീര്‍ത്തി കേസും ഫയല്‍ചെയ്തിരുന്നു. ചിത്രം വന്നതോടെ രോഹിണിയും എം.എല്‍.എ.യും തമ്മില്‍ അനുരഞ്ജനത്തിലെത്തിയോയെന്നും രാഷ്ട്രീയക്കാരനുമായി ഉദ്യോഗസ്ഥ കൂടിക്കാഴ്ച നടത്തുന്നതിലെ അനൗചിത്യവുമാണ് രൂപ ചൂണ്ടിക്കാട്ടിയത്.
ഐ.എ.എസ്-ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പോര് അതിരുവിട്ടതോടെ സംഭവത്തില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ ഇടപെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlights: d roopa ips vs rohini sindhuri ias fight in social media
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..