കോഴിക്കോട്: സി.പി.ഐ യുവ നേതാവ് കനയ്യ കുമാര്‍ പാര്‍ട്ടി വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ. '' എവിടെ നിന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നതെന്ന് എനിക്കറിയില്ല. തീര്‍ത്തും അടിസ്ഥാനരഹിതമാണത്. ഏതാനും ദിവസം മുമ്പ് കനയ്യ എന്നെ ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് കണ്ടിരുന്നു. ഈ റിപ്പോര്‍ട്ടുകളിലൊന്നും തന്നെ ഒരു വാസ്തവവുമില്ലെന്നാണ് അന്നു എന്നോട് പറഞ്ഞത്.'' ശനിയാഴ്ച വൈകുന്നേരം മാതൃഭൂമി ഡോട്ട് കോമിനോട് ടെലിഫോണില്‍ സംസാരിക്കവെ ഡി രാജ വ്യക്തമാക്കി.

എന്നാല്‍ കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഏതാനും ദിവസം മുമ്പ് കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. '' അവര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താനാവില്ല.'' കനയ്യ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കെ.സി വേണുഗോപാല്‍ വിസമ്മതിച്ചു.

സെപ്റ്റംബര്‍ 28-ന് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവ് ജിഗ്‌നേഷ് മിവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: D Raja on Kanhaiya Kumar Gujarat MLA Jignesh Mevani Congress entry