സൈറസ് മിസ്ത്രി ജനിച്ചത് ഇന്ത്യയില്‍, അയര്‍ലന്‍ഡ് പൗരത്വം; ടാറ്റാ സണ്‍സില്‍ 18.4% ഓഹരി പങ്കാളിത്തം


കെ.വി. രാജേഷ്

സൈറസ് മിസ്ത്രി | Photo: PTI

മുംബൈ: നൂറു വര്‍ഷത്തിലധികം നീണ്ട വ്യവസായ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണെങ്കിലും ടാറ്റാ സണ്‍സിന്റെ ആറാമത് ചെയര്‍മാനായി ചുമതലയേറ്റതോടെയാണ് സൈറസ് മിസ്ത്രി വ്യവസായ ലോകത്തും പൊതുസമൂഹത്തിലും ശ്രദ്ധേയനാകുന്നത്. രത്തന്‍ ടാറ്റയുടെ പിന്‍ഗാമി, ടാറ്റ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യ ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ചെയര്‍മാനും പിതാവുമായ പല്ലോന്‍ജി മിസ്ത്രി വിരമിച്ചതിനെ തുടര്‍ന്ന് 2006 സെപ്റ്റംബര്‍ ഒന്നിനാണ് സൈറസ് മിസ്ത്രി ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലെത്തിയത്. രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞതോടെ 2012 ഡിസംബറില്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. ടാറ്റ സണ്‍സിലെ ഏറ്റവും വലിയ ഓഹരി പങ്കാളി എന്ന നിലയില്‍ ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് അദ്ദേഹം ഈ സ്ഥാനത്തേക്കു വരുന്നത്.

2016 ഒക്ടോബര്‍ 24-ന് ടാറ്റാ സണ്‍സ് ബോര്‍ഡ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കി. ടെലികോം രംഗത്ത് ടാറ്റയ്‌ക്കൊപ്പം കൈകോര്‍ത്ത ജാപ്പനീസ് കമ്പനിയായ ഡോകോമോയുടെ പ്രവര്‍ത്തനം നിര്‍ത്തുന്ന സമയം കരാര്‍പ്രകാരമുള്ള തുക തിരിച്ചുനല്‍കാന്‍ മടിച്ചതാണ് ഇതിനു പ്രധാന കാരണം. ടാറ്റാ ഗ്രൂപ്പിന്റെ വിശ്വാസ്യതയ്ക്കും മൂല്യങ്ങള്‍ക്കും എതിരായ പ്രവൃത്തിയാണിതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തിരിച്ചെത്തി. പിന്നീട് എന്‍. ചന്ദ്രശേഖരന്‍ ടാറ്റാ സണ്‍സ് ചെയര്‍മാനായി. നീണ്ട നിയമനടപടികളിലേക്കാണ് ഇതുപോയത്.

തന്നെ പുറത്താക്കിയതിനെതിരേ 2019 ഡിസംബറില്‍ ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലില്‍നിന്ന് (എന്‍.സി.എല്‍.എ.ടി.) സൈറസ് മിസ്ത്രി അനുകൂല വിധി നേടി. ടാറ്റാ ഗ്രൂപ്പിലെ ചെറുകിട നിക്ഷേപകരുടെ അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മിസ്ത്രി പരാതി നല്‍കിയത്. ചെയര്‍മാന്‍ സ്ഥാനത്ത് മിസ്ത്രിയെ പുനര്‍നിയമിച്ചുകൊണ്ടുള്ള ഈ ഉത്തരവ് 2020 ജനുവരി പത്തിന് സുപ്രീംകോടതി സ്റ്റേ ചെയ്തു. അപ്പീല്‍ നല്‍കിയെങ്കിലും മിസ്ത്രിയെ നീക്കിയത് നിയമപ്രകാരമാണെന്ന് സുപ്രീംകോടതി വിധിച്ചു. ടാറ്റാ സണ്‍സ്, ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നിയമനത്തിനുള്ള നിബന്ധനകള്‍ പരിഷ്‌കരിക്കുന്നതിനുവരെ ഈ നിയമനടപടി കാരണമായി.

സൈറസ് മിസ്ത്രി ചെയര്‍മാനായിരുന്ന കാലത്താണ് ടാറ്റാ മോട്ടോഴ്‌സിന്റെ വാഹനനിരയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ വന്നത്. അന്നുണ്ടായിരുന്ന എല്ലാ മോഡലുകളും മാറ്റി കാലഘട്ടത്തിനനുയോജ്യമായ രൂപകല്പനയിലേക്കു കടന്നതോടെ കമ്പനിയുടെ വില്‍പ്പന കുതിച്ചുയര്‍ന്നു.

ജനിച്ചത് ഇന്ത്യയിലെങ്കിലും പൗരത്വം അയര്‍ലന്‍ഡിലേത്

മുംബൈയിലെ പാഴ്‌സി കുടുംബത്തില്‍, നിര്‍മാണമേഖലയിലെ പ്രമുഖ വ്യവസായി പല്ലോന്‍ജി മിസ്ത്രിയുടെയും പാത്സി പെറിന്‍ ദുബാഷിന്റെയും മകനായി 1968 ജൂലായ് നാലിനാണ് സൈറസ് ജനിച്ചത്. അമ്മ അയര്‍ലന്‍ഡുകാരിയായതിനാല്‍ സൈറസ് മിസ്ത്രിക്ക് അയര്‍ലന്‍ഡ് പൗരത്വമെടുക്കാനാണ് പല്ലോന്‍ജി മിസ്ത്രി താത്പര്യപ്പെട്ടത്. സഹോദരന്‍ ഷപ്പൂര്‍ മിസ്ത്രിയും അയര്‍ലന്‍ഡ് പൗരനാണ്. ലൈല, ആലു എന്നിങ്ങനെ രണ്ടു സഹോദരിമാരുണ്ട്. ഇതില്‍ ആലുവിനെ വിവാഹം കഴിച്ചത് രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനായ നോയല്‍ ടാറ്റയാണ്.

മുംബൈയിലെ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കാനന്‍ സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ലണ്ടനിലെ ഇംപീരിയില്‍ കോളേജില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടി. പിന്നീട് ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യുട്ടീവ് മാസ്റ്റേഴ്‌സ് ഇന്‍ മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കി. കുടുംബ സ്ഥാപനമായ ഷപ്പൂര്‍ജി പല്ലോന്‍ജി കമ്പനി ലിമിറ്റഡില്‍ ഡയറക്ടറായാണ് തുടക്കം. പിന്നീട് മാനേജിങ് ഡയറക്ടറായി. 1930-ല്‍ സൈറസ് മിസ്ത്രിയുടെ മുത്തച്ഛനായ ഷപ്പൂര്‍ജി മിസ്ത്രിയാണ് ടാറ്റാ സണ്‍സില്‍ ആദ്യം ഓഹരികള്‍ വാങ്ങിയത്. ഇപ്പോള്‍ ടാറ്റാ സണ്‍സില്‍ 18.4 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് സൈറസ് മിസ്ത്രി വിടപറയുന്നത്. രോഹിക് ഛഗ്ലയാണ് ഭാര്യ. ടാറ്റാ സണ്‍സിനെതിരായ നിയമപോരാട്ടത്തിനു നേതൃത്വം നല്‍കിയ അഭിഭാഷകന്‍ ഇഖ്ബാല്‍ ഛഗ്ലയുടെ മകളാണ്. മക്കള്‍: ഫിറോസ് മിസ്ത്രി, സഹന്‍ മിസ്ത്രി. സൈറസ് മിസ്ത്രിയുടെ പിതാവ് പല്ലോന്‍ജി മിസ്ത്രി 93-ാം വയസ്സില്‍ 2022 ജൂണിലാണ് അന്തരിച്ചത്.

Content Highlights: Cyrus Mistry, former Tata Sons Chairman, dies in road accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented