ഭുവനേശ്വര്‍: തിത്‌ലി ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ 5.30ന് തീരം തൊടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തയ്യാറെടുപ്പുകളുമായി ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങള്‍. കാറ്റ് ശക്തി പ്രാപിച്ചതോടെ ഒഡിഷയുടെ തീരദേശത്തുള്ള അഞ്ച് ജില്ലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

അതി തീവ്ര ചുഴലിക്കാറ്റുകളുടെ ഗണത്തിലാണ് തിത്‌ലിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഡിഷയുടെ തെക്കന്‍ തീരത്തും ആന്ധ്രയുടെ വടക്കന്‍ തീര പ്രദേശത്തുമാവും ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. നേരത്തേ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 

ഒഡിഷയിലെ ഗോപാല്‍പൂരില്‍ നിന്ന് ഏകദേശം 320 കിലോമീറ്ററും ആന്ധ്രയിലെ കലിംഗപട്ടണത്തു നിന്ന് ഏതാണ്ട് 270 കിലോമീറ്ററും അകലെയാണ് തിത്‌ലി നിലവിലുള്ളത്. ഈ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. 

തീര പ്രദേശത്തോട് ചേര്‍ന്ന ജില്ലകളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.