ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗതയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഗോപാല്‍പുര്‍ മേഖലയിലേക്ക് ചുഴലിക്കാറ്റ് നീങ്ങിയത്. സുരക്ഷാ മുന്‍കരുതലായി ഒഡിഷ തീരമേഖലയില്‍ മൂന്നു ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 

ഗോപാല്‍പുരില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ട്. 165 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഒഡിഷയുടെ തീര പ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകിയതായി റിപ്പോര്‍ട്ടുകളുണ്ട്. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. ഗഞ്ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്‌സിങ്പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.  

ചുഴലിക്കാറ്റിനേത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്ത് മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. ഒഡിഷയിലും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരപ്രദേശത്തും കനത്ത മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ്.