മുംബൈ: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായതോടെ മുംബൈയില്‍ കനത്ത നാശം വിതയ്ക്കുന്നു. മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി. 273 ഉം 137 ഉം യാത്രക്കാരുള്ള രണ്ട് ബാര്‍ജുകളാണ് ചുഴലിക്കാറ്റില്‍ തിങ്കളാഴ്ച ദിശതെറ്റിയത്. ബാര്‍ജുകളുടെ സഹായത്തിനായി നാവിക സേന കപ്പലുകള്‍ അയച്ചിട്ടുണ്ട്. 

273 പേരുമായി ബോംബെ ഹൈ പ്രദേശത്തെ ഹീറ ഓയില്‍ ഫീല്‍ഡില്‍ ദിശതെറ്റിയ ബാര്‍ജ് 'പി 305' സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്നും തിരിച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി അയച്ചുവെന്നും നാവികസേന വക്താവ് അറിയിച്ചു. വൈകിട്ട് നാല് മണിയോടെ ബാര്‍ജുകളുടെ രക്ഷയ്ക്കായി ഐഎന്‍എസ് കൊച്ചി എത്തിയെന്നാണ് വിവരം. 

സഹായം അഭ്യര്‍ഥിച്ചുകൊണ്ട് മറ്റൊരു ബാര്‍ജില്‍ നിന്നും നാവികസേനക്ക് സന്ദേശം എത്തിയിരുന്നു. മുംബൈയില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുമാറി 137 ആളുകളുമായി യാത്ര ചെയ്ത മറ്റൊരു ബാര്‍ജായ 'ഗാല്‍ കണ്‍സ്ട്രക്റ്ററില്‍' നിന്നാണ് നാവികസേനയ്ക്ക് സഹായം അഭ്യര്‍ഥിച്ചുള്ള വിളി വന്നത്. സഹായം നല്‍കാനായി ഐഎന്‍എസ് കൊല്‍ക്കത്ത പുറപ്പെട്ടിട്ടുണ്ട്.

Content Highlights: Cyclone Tauktae: Two barges with 410 personnel on board adrift off the Mumbai coast