ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രക്ഷുബ്ധമായ ഗുജറാത്ത് തീരം. വേരാവലിൽനിന്നുള്ള ദൃശ്യം| Photo:ANI
ഗാന്ധിനഗര്‍: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരംതൊട്ടു. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ആശുപത്രിയില്‍നിന്നുള്ള കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്.
അടുത്ത രണ്ടു മണിക്കൂറില്‍ ടൗട്ടേ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ കടക്കുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 155-165 കിലേമീറ്ററായിരിക്കും ടൗട്ടേയുടെ വേഗത. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. ടൗട്ടേയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ദാമന്‍ ആന്‍ഡ് ദിയുവിലെ ലെഫ്.ഗവര്‍ണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.

ഗുജറാത്തില്‍ ആയിരക്കണക്കിനാളുകളെയാണ് വീടുകളില്‍നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. ഇരുപതുവര്‍ഷത്തിനിടെ പടിഞ്ഞാറന്‍ തീരംതൊടുന്ന ഏറ്റവും കരുത്തേറിയ ചുഴലിക്കാറ്റാണ് ടൗട്ടേ. കേരള, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കനത്തമഴയും നാശനഷ്ടങ്ങളും ടൗട്ടേ സൃഷ്ടിച്ചിരുന്നു.
അതേസമയം ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് ആറുപേര്ക്ക്് ജീവന് നഷ്ടമായി. രണ്ടുബോട്ടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്. ടൗട്ടേ ഗുജറാത്ത് തീരത്തേക്ക് കടക്കും മുന്‍പ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്തമഴയ്ക്ക് കാരണമായിരുന്നു.
വിമാനത്താവളങ്ങള്‍ അടച്ചു
ടൗട്ടേ കരുത്താര്‍ജിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചു. ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളം മേയ് 19 വരെ അടച്ചു. മറ്റ് പ്രധാന വിമാനത്താവളങ്ങളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവ ചൊവ്വാഴ്ച വരെ അടച്ചിരിക്കുകയാണ്.
content highlights: cyclone tauktae makes land fall
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..