ടൗട്ടേ ചുഴലിക്കാറ്റ് മുംബൈ തീരംതൊട്ടപ്പോൾ | Photo:PTI
ഗാന്ധിനഗര്‍: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരംതൊട്ടു. മണിക്കൂറില്‍ 190 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് ഗുജറാത്തില്‍ നാശനഷ്ടങ്ങള്‍ വിതച്ചു. സംസ്ഥാനത്ത് മഴ തുടരുകയാണ്. കനത്ത മഴയില്‍ ഗുജറാത്തില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. വൈദ്യുതലൈനുകള്‍ പൊട്ടിവീണു, മരങ്ങള്‍ കടപുഴകി. തീരമേഖലയില്‍ ചുവപ്പ് ജാഗ്രത തുടരുകയാണ്.
അര്‍ധരാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്രതയേറിയ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടു. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി കാലവസ്ഥാവകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദിയുവില്‍ 133 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ തിരമാലകള്‍ അതിശക്തമായി ഉയര്‍ന്നു. കോവിഡെന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയില്‍ വന്ന ടൗട്ടെ മുംബൈ നഗരത്തിന് ഇരട്ടപ്രഹരമായി. ശക്തിയായ കാറ്റും മഴയും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിയ നാശം വിതച്ചു. പുലര്‍ച്ചെ നാലു മണിയോടെ തുടങ്ങിയ മഴ ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്.
രാത്രി വൈകുവോളം ഇതേരീതിയില്‍ നീണ്ടുനിന്നു. കനത്തമഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്തന്നെ ജനങ്ങള്‍ കാര്യമായി പുറത്തിറങ്ങിയില്ല. കാലത്ത് ചില ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഉച്ചയോടെതന്നെ ടൗട്ടെയുടെ രൗദ്രഭാവം കണ്ട് പൂട്ടി. എന്നാല്‍ ലോക്കല്‍ ട്രെയിന്‍ അടക്കം വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് പലര്‍ക്കും വീടണയാന്‍ കഴിഞ്ഞത്.
കാലത്ത് എട്ടര മുതല്‍ വൈകീട്ട് നാലര വരെയുള്ള കണക്ക് പ്രകാരം കൊളാബയില്‍ 184 മില്ലിമീറ്ററും സാന്താക്രൂസില്‍ 186 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. പലയിടത്തും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. മലാഡ് സബ് വേ, അന്ധേരി, കാന്തിവ്ലി, ദഹിസര്‍, സാന്താക്രൂസ്, ഗാന്ധി മാര്‍ക്കറ്റ്, പരേല്‍, മാട്ടുംഗ, ഹിന്ദ്മാതാ തുടങ്ങി പലയിടത്തും വെള്ളം കെട്ടിക്കിടന്നതോടെ റോഡ് ഗതാഗതം താറുമാറായി. കനത്ത കാറ്റിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണും റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ബെസ്റ്റ് ബസുകളും വഴിയിലായി.
ബാന്ദ്രാ-വര്‍ളി കടല്‍പ്പാലം അടച്ചതിനെത്തുടര്‍ന്ന് ഇതുവഴി പോകേണ്ടിയിരുന്ന വാഹനങ്ങള്‍ക്ക് മറ്റ് വഴി തേടേണ്ടിവന്നു. കാറ്റിന്റെ ശക്തി വര്‍ധിച്ചതോടെ പലരും വാഹനം വഴിയില്‍ നിര്‍ത്തിയിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിനിന്നു. മരങ്ങള്‍ മുറിഞ്ഞുവീണ് നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. പല കെട്ടിടങ്ങള്‍ക്കും മുകളില്‍ കെട്ടിയുയര്‍ത്തിയ താത്കാലിക മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു പാറി നടന്നു. മണിക്കൂറില്‍ 114 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിച്ചു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന വിവരം. സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലെ മേല്‍ക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റുകളില്‍ ചിലതും പറന്നുപോയി. പിന്നീട് അധികാരികള്‍ അടച്ചു.
വിമാനത്താവളം ഉച്ചയ്ക്ക് രണ്ട് മണിവരെ അടച്ചിടുന്നു എന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും പിന്നീട് അത് രണ്ട് മണിക്കൂര്‍വീതം നീട്ടിക്കൊണ്ടിരുന്നു. വൈകീട്ട് ആറുവരെ ഇവിടെയെത്തേണ്ട 34 വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ട 22 വിമാനങ്ങളും റദ്ദാക്കി. മുംബൈയ്ക്ക് വന്ന ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങള്‍ ഹൈദരാബാദിലേക്കും മറ്റും വഴിമാറ്റി വിട്ടു. ഡോംബിവ്ലി-കല്യാണ്‍ റോഡില്‍ മുംബ്രയ്ക്ക് സമീപം ഒരു വലിയ പരസ്യബോര്‍ഡ് ടെമ്പോയ്ക്കു മേല്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഡോംബിവ്ലി റെയില്‍വേ സ്റ്റേഷനുസമീപം ഒരു വലിയമരം പാളത്തിലേക്ക് വീണതിനെത്തുടര്‍ന്ന് ഇതിലൂടെ കടന്നുപോകേണ്ട ദീര്‍ഘദൂര തീവണ്ടികളുടെ യാത്ര തടസ്സപ്പെട്ടു. എന്നാല്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തിന് തടസ്സമുണ്ടായില്ല.
ആറ് പേര് മരിച്ചു
കൊങ്കണ്‍, നവി മുംബൈ, താനെ ജില്ലകളിലായി വിവിധ സംഭവങ്ങളില്‍ ആറ് പേരാണ് മരിച്ചത്. റായ്ഗഢ് ജില്ലയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ ഓരോരുത്തര് വീതം നവി മുംബൈ, ഉല്ലാസ് നഗര്‍, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ മരിച്ചു. നവി മുംബൈയിലും ഉല്ലാസ് നഗറിലും മരം വീണാണ് രണ്ട് പേരും മരിച്ചത്. സിന്ധുദുര്‍ഗില്‍ കടലില്‍ പോയ ഒരാളും.
12,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു
മുംബൈയുടെയും പാല്‍ഘര്‍ ജില്ലയുടെയും തീര പ്രദേശങ്ങളില്‍ നിന്നും 12,420 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ അധികാരികള്‍ അറിയിച്ചു. വിവിധ സ്കൂളുകളിലും മറ്റുമായാണ് ഇവര്‍ക്ക് സൗകര്യമൊരുക്കിയത്. തീരപ്രദേശങ്ങളിലെ നല്ലൊരു ശതമാനം വീടുകളും തകര്‍ന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ആദിത്യ താക്കറെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ സന്ദര്‍ശിച്ച് അധികാരികളുമായി ചര്‍ച്ച നടത്തി.
മുംബൈ ട്രാഫിക് പോലീസിന്റെ 39 സംഘങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിലയുറപ്പിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്നു സംഘവും പശ്ചിമ മേഖലയിലാണ് ഉണ്ടായിരുന്നത്. ഇതുകൂടാതെ അഗ്നിശമന സേനയുടെ ആറ് സംഘങ്ങള്‍ നഗരത്തിലെ ആറ് ബീച്ചുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാന്‍ കരസേനയും വ്യോമസേനയും തങ്ങളുടെ സംഘങ്ങളോടൊപ്പം തയ്യാറായിനിന്നു. രാത്രി 11 മണിക്കുശേഷം ടൗട്ടെ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ അതിര്‍ത്തി കടന്നു.
Content Highlights: Cyclone Tauktae: 'extremely severe' to 'very severe'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..