ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാട് തീരത്തേക്കു നീങ്ങിത്തുടങ്ങി. നാളെ വൈകീട്ട് മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടും. പുതുച്ചേരിയില്‍ ഇന്ന് രാത്രി മുതല്‍ 26 വരെ നിരോധനാഞ്ജ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നാളെ പൊതു അവധിയാണ്.

ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നുണ്ട്. പലയിടത്തും ശക്തമായ കാറ്റും വീശുന്നു. നിവാര്‍ കര തൊടുമ്പോള്‍ മണിക്കൂറില്‍ 120 മുതല്‍ 145 വരെ കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, വിഴുപുരം, കാഞ്ചീപുരം, കടലൂര്‍, മയിലാടുതുറൈ, നാഗപ്പട്ടണം, രാമനാഥപുരം എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കും.

കടലൂരില്‍ ആറും പുതുച്ചേരിയില്‍ രണ്ടും സംഘം ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നു. കൂടുതല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. 24 ട്രെയിന്‍ സര്‍വ്വീസുകളും ഏഴ് ജില്ലകളിലെ ബസ് സര്‍വ്വീസുകളും പൂര്‍ണമായി റദ്ദ് ചെയ്തു. സ്ഥിതിഗതികള്‍ മുഖ്യമന്ത്രിഎടപ്പാടി പളനിസ്വാമി ഉന്നതതല യോഗം വിളിച്ച് വിലയിരുത്തി. അത്യാവശ്യത്തിന് മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് പറഞ്ഞു.

തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. പുതുച്ചേരിയില്‍ ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ 26-ന് രാവിലെ ആറ് മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രശ്നബാധിത മേഖലകളിലെല്ലാം കണ്‍ട്രോള്‍ റൂം തുറന്നു. ചെന്നൈയ്ക്ക് സമീപത്തെ ചെമ്പരമ്പക്കം തടാകത്തില്‍ ജലനിരപ്പ് ഉയരുകയാണ്. രണ്ടടി കൂടി വെള്ളം ഉയര്‍ന്നാല്‍ തടാകത്തിന്റെ ഷട്ടറുകള്‍ തുറക്കും.

Content Highlights: Cyclone Nivar to make landfall at anytime, Security tightens