ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. നിവാര്‍ എന്ന് പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാട് തീരത്ത് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് അടുത്തായി തീരംതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

അടുത്ത 24 മണിക്കൂറിനുള്ളില്‍ നിവാര്‍ തീവ്ര ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരംതൊടുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും കനത്ത മഴ തുടരുകയാണ്. 

തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലുള്ളവര്‍ അതീവജാഗ്രതാ പാലിക്കണം. വിവിധ തീരദേശ മേഖലയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പേകരുതെന്നും താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

തീരദേശ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദശമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ ജാഗ്രത നിര്‍ദേശമുള്ള 11 ജില്ലകളിലെ ബസ് സര്‍വീസ് റദ്ദാക്കി. വിവിധ ട്രെയിന്‍ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 30 ടീമിനെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലുമായി വ്യന്യസിച്ചിട്ടുണ്ട്.

content highlights: Cyclone Nivar To Cross Tamil Nadu Tomorrow Evening