ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. 

  • വ്യാഴാഴ്ച രാവില ഏഴ് മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നടപടി. 
  • ചെന്നൈയിലെ എല്ലാ റോഡുകളും ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ അടച്ചിട്ടു. 
  • നവംബര്‍ 26നുള്ള ഏഴോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എട്ടോളം ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. 
  • തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നവംബര്‍ 26ന് പൊതു അവധി പ്രഖ്യാപിച്ചു. 
  • പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വിവിധ സെന്ററുകളില്‍ നാളെ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. 
train schedule
വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.

ഒരു ലക്ഷം പേരെ തമിഴ്‌നാട് തീരത്ത് നിന്നും, ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെയും നദീതീരത്തുളള ആളുകളെയുമാണ് ഇവിടേക്ക് ആദ്യം മാറ്റി പാര്‍പ്പിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

 

തമിഴ്‌നാട്ടിലെ ഏഴു ജില്ലകളെ നിവാര്‍ കാര്യമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പുതുച്ചേരിയേയും ആന്ധ്രയിലെ രണ്ടു ജില്ലകളെയും ബാധിക്കും. ഇത് നേരിടുന്നതിനായി 22 എന്‍ഡിആര്‍എഫ് സംഘം, 10 സംഘം സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവര്‍ സന്നദ്ധരായിക്കഴിഞ്ഞു. ഇവര്‍ക്കൊപ്പം ഹെലികോപ്റ്ററുകളും കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.

Content Highlights: Cyclone Nivar LIVE Updates: All major roads in Chennai closed until further notice