ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത. നിവാര്‍ എന്ന് പേരിട്ട ചുഴലിക്കാറ്റ് നവംബര്‍ 25-ന് ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയില്‍ കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളിലും പുതുച്ചേരിയിലും കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്.

ചെന്നൈയ്ക്ക് 740 കിലോ മീറ്റര്‍ അകലെയാണ് ന്യൂന മര്‍ദ്ദം ഇപ്പോഴുള്ളത്. 24 മണിക്കൂറിനകം ഇത് ചുഴലിക്കാറ്റായി മാറി നവംബര്‍ 25-ന് കര തൊടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഉച്ചയ്ക്ക് ശേഷമാകും ചുഴലിക്കാറ്റ് കര തൊടുക. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ കര തൊടുമ്പോള്‍ 60 മുതല്‍ 120 വരെ കിലോ മീറ്റര്‍ വേഗത നിവാര്‍ ചുഴലിക്കാറ്റിന് ഉണ്ടാകും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെന്നൈ, ചെങ്കല്‍പ്പേട്ട്, വിഴുപുരം, കാഞ്ചീപുരം, കടലൂര്‍, മയിലാടുതുറൈ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് നാശനഷ്ടം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് സംഘം കടലൂരിലേക്കും മൂന്ന് സംഘം ചിദംബരത്തേക്കും തിരിച്ചു. 20 പേരടങ്ങിയതാണ് എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം.

മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുത് എന്ന് നിര്‍ദ്ദേശിച്ചു. കടലോരത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി ആര്‍.ബി. ഉദയകുമാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളിലെ തീരപ്രദേശത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ചെമ്പരാമ്പാക്കം തടാകത്തില്‍ സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതില്‍ ഭയപ്പെടേണ്ടെന്ന് ഉദയകുമാര്‍ പറഞ്ഞു. 2015-ല്‍ ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളിലൊന്ന് ചെമ്പരാമ്പാക്കം അണക്കെട്ട് തുറന്നതായിരുന്നു. എന്നാല്‍ ഇത്തവണ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചതിനാല്‍ പ്രശ്നമുണ്ടാവില്ല എന്നാണ് മന്ത്രി പറഞ്ഞത്.

2018 നവംബര്‍ ആദ്യം വീശിയ ഗജയാണ് തമിഴ്നാട്ടില്‍ ഒടുവില്‍ വലിയ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ്. അന്ന് തഞ്ചാവൂരിലും പുതുക്കോട്ടയിലുമായി 53 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടവുമുണ്ടായി.

Content Highlight: Cyclone Nivar likely to cross Tamil Nadu on Wednesday