ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. 2015-ലെ വെള്ളപ്പൊക്കത്തിന്റെ ഓര്‍മയില്‍ ചെന്നൈയിലെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവര്‍ തങ്ങളുടെ കാറുകള്‍ മേല്‍പ്പാലങ്ങളിലും മറ്റു സുരക്ഷിതമായി പാര്‍ക്ക് ചെയ്തു. 

2015-ലെ വെള്ളപ്പൊക്കത്തില്‍ നിരവധി കാറുകള്‍ വെള്ളത്തില്‍ ഒഴുകിയ സാഹചര്യം ഇത്തവണ ഒഴിവാക്കാനായി പ്രദേശവാസികള്‍ ഏറെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. മേല്‍ പാലങ്ങളുടെ ഇരുവശത്തും കാറുകള്‍ നിരനിരയായി കിടക്കുന്നത് മുമ്പൊരിക്കലും ഇവിടെ കണ്ടിട്ടില്ലാത്ത കാഴ്ചയാണെന്ന് തദ്ദേശവാസികള്‍ പറഞ്ഞു.

2015 ല്‍, നഗര പ്രദേശങ്ങളായ മഡിപാക്കം, കോട്ടൂര്‍പുരം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. അതേ സമയം നഗരത്തിലെ 22 സബ് വേകളിലും വെള്ളംകെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് ഹെവിഡ്യൂട്ടി മോട്ടോറുകള്‍ ഉപയോഗിച്ച്  ഒഴിവാക്കുകയാണ്. 52 ഇടങ്ങളില്‍ മരങ്ങള്‍ വേരോടെ മറിഞ്ഞ് വീണിട്ടുണ്ട്. ഇതെല്ലാം നീക്കം ചെയ്തതായും ചെന്നൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. 

ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം പുതുച്ചേരി, കടലൂര്‍, വിഴുപുരം തുടങ്ങിയിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. 155 കിലോമീറ്റര്‍വരെ വേഗം ആര്‍ജിച്ച കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പൂര്‍ണമായും കരയില്‍ കടന്നത്.

നിരവധി മരങ്ങള്‍ പിഴുതെറിഞ്ഞ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. മതിലുകള്‍ തകര്‍ന്ന സംഭവങ്ങള്‍ തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. 'തമിഴ്‌നാട്ടില്‍ ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണം നല്‍കിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. 'അനാവശ്യമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നത് ഒരു സന്തോഷവാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കരസേന എത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെയും ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ 13 കടലോരജില്ലകളില്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ രണ്ടരലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയില്‍ മാത്രം 169 ക്യാമ്പുകള്‍ ആരംഭിച്ചു. തെക്കന്‍ തമിഴ്നാട്ടിലൂടെ സര്‍വീസ് നടത്തുന്നതടക്കം 30-ഓളം തീവണ്ടി സര്‍വീസുകളും ചെന്നൈ വിമാനത്താവളത്തിലൂടെയുള്ള 70 വിമാനസര്‍വീസുകളും റദ്ദാക്കി. ചെന്നൈ സബര്‍ബന്‍, മെട്രോ തീവണ്ടി സര്‍വീസുകള്‍ മുടങ്ങി.

12 മണിക്കൂര്‍ അടച്ചിട്ടതിന് ശേഷം ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ ആളാപായം സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highliys: Cyclone Nivar-Cars Parked On Chennai Flyover Ahead Of Cyclone To Avoid 2015 Repeat