-
മുംബൈ: അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്രന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ചു. മുംബൈയ്ക്ക് 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. 110 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കും. മൂന്ന് മണിക്കൂറോളം കാറ്റ് കരയില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിസര്‍ഗ മുംബൈയിലും താനെയിലും പാല്‍ഘറിലും റായ്ഗഢിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്.
മുന്‍കരുതല്‍ നടപടിയായി പാല്‍ഘര്‍ മേഖലയില്‍നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശത്തെ കുടിലുകളും വീടുകളും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു.
ചുഴലിക്കാറ്റിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ മുംബൈയിലും നവിമുംബൈയിലും കനത്ത മഴ പെയ്തുവരികയാണ്. മുംബൈയിലെ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് തുടരുന്നതിനിടയില്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് അടിയന്തര ചികിത്സ വേണ്ടുന്നവര്‍ക്കായുള്ള സജ്ജീകരണങ്ങളും ആശുപത്രികളില്‍ തയ്യാറാക്കുന്നുണ്ടെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പറഞ്ഞു.
ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ താത്കാലിക കോവിഡ് ആശുപത്രിയില്‍നിന്ന് 250 രോഗികളെ മുന്‍കരുതലിന്റെ ഭാഗമായി വര്‍ളി സ്‌പോര്‍ട്‌സ് ക്‌ളബ്ബിലെ കോവിഡ് സെന്ററിലേക്ക് മാറ്റി. അടിയന്തരസാഹചര്യം നേരിടാന്‍ 16 യൂണിറ്റ് ദുരന്തനിവാരണസേനയെ സംസ്ഥാനത്ത് വിന്യസിച്ചു.
Content Highlights: Cyclone Nisarga makes landfall on Maharashtra coast
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..