ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍കടലില്‍ 'ജവാദ് 'ചുഴലിക്കാറ്റ്  രൂപപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തി. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. 90 കി.മീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. 

വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരാത്തെത്താനാണ് സാധ്യത. തുടര്‍ന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബര്‍ അഞ്ചോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാനാണ് സാധ്യത. തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ നിലവില്‍ ചുഴലിക്കാറ്റ് ഭീഷണിയില്ല. അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights: Cyclone Jawad: Storm to reach Andhra Pradesh, Odisha coasts