അമരാവതി: ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച വടക്കന്‍ ആന്ധ്രപ്രദേശില്‍ ആഞ്ഞടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മൂന്ന് ജില്ലകളില്‍ നിന്നായി 54,008 പേരെ സംസ്ഥാന സര്‍ക്കാര്‍ ഒഴിപ്പിച്ചു. ശ്രീകാകുളം ജില്ലയില്‍ നിന്ന് 15,755 പേരെയും വിജയനഗരത്തില്‍ നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാസംഘം ഒഴിപ്പിച്ചു.

സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമായി 197 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) 11 ടീമുകളെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) അഞ്ച് ടീമുകളും കോസ്റ്റ് ഗാര്‍ഡിന്റെ ആറ് ടീമുകളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകള്‍ സജ്ജമാണ്. 

വില്ലേജ് സെക്രട്ടറിമാരും ജില്ലാ കളക്ടറേറ്റുകളും രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.അപ്രതീക്ഷിതമായ ഏത് സാഹചര്യവും നേരിടാന്‍ ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

Content Highlights: cyclone jawad alert in andhra pradesh