ന്യൂഡല്‍ഹി: ആന്ധ്രയിലും ഓഡീഷയിലും തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗതയോടെ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ആന്ധ്രയിലെ കലിംഗപട്ടണം- ഒഡീഷയിലെ ഗോപാല്‍പുര്‍ തീരം കടക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാല് മാസത്തിനിടെ ഒഡീഷയില്‍ വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഗുലാബ്. നേരത്തെ യാസ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശനഷ്ടം വിതച്ചിരുന്നു. നിലവില്‍ അതീവ അപകടസാധ്യതയുള്ള നാല് ജില്ലകളില്‍ എല്ലാ സുരക്ഷ മുന്‍കരുതലുകളും എടുത്തിട്ടുള്ളതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കി. 

ഒഡീഷ ദുരന്ത നിവാരണ സേനയിലെ 42 ടീമിനെയും ദേശീയ ദുരന്ത നിവാരണ സേനയിലെ 24 സ്‌ക്വാഡിനെയും ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ പോലീസും ഫയര്‍ഫോഴ്‌സും പ്രവര്‍ത്തന സജ്ജരായി രംഗത്തുണ്ട്. ചുഴലിക്കാറ്റ് പ്രദേശം കടന്ന് പോകുന്നത് വരെ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഭ്യര്‍ഥിച്ചു. 

സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും ചൊവ്വാഴ്ചവരെ ശക്തമോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പാലക്കാട് മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ മഞ്ഞ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

Content Highlights: Cyclone Gulab Reaches Andhra Pradesh, Odisha