ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഒഡീഷാ തീരം തൊട്ടു. മണിക്കൂറില്‍ 170 കിലോമീറ്റര്‍ മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലാകും ചുഴലിക്കാറ്റ് വീശുക. കാറ്റിന്റെ വേഗത ഇരുന്നൂറ് കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇത് അതിശക്തമായ മഴയ്ക്കും സമുദ്രക്ഷോഭത്തിനും കാരണമാകും. 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. 

ഫോനി ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ഒഡീഷയില്‍ 10 ലക്ഷത്തിലധികം ആളുകളെയാണ് അപകട സാധ്യത മുന്നില്‍ കണ്ട് ഒഴിപ്പിച്ചത്. ഇവരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 

cyclone fani
ശ്രീകാകുളത്ത് എന്‍ ഡി ആര്‍ എഫ് രക്ഷാപ്രവര്‍ത്തനത്തില്‍. Photo: Twitter/NDRF

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ശനിയാഴ്ച വൈകിട്ട് ആറുമണി വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. 

cyclone fani
ഫോനി ചുഴലിക്കാറ്റില്‍നിന്ന് രക്ഷതേടി ജഗത്‌സിങ്പുറിലെ അഭയകേന്ദ്രത്തിലെത്തിയവര്‍. ഫോട്ടോ: എ എന്‍ ഐ

ഒഡിഷയിലെ ഗഞ്ജം, ഗജപതി, ഖുദ്ര, പുരി, ജഗത്സിങ്പുര്‍, കേന്ദ്രപഡ, ഭദ്രക്, ജാജ്പുര്‍, ബാലസോര്‍ എന്നിവിടങ്ങളെയും ബംഗാളിലെ കിഴക്കും പടിഞ്ഞാറും മേദിനിപുര്‍, തെക്കും വടക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, ഝാര്‍ഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളെയും ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളെയും കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.

cyclone fani
ശീകാകുളത്ത് കനത്തമഴ പെയ്തു. അതിശക്തമായ കാറ്റാണ് ഇവിടെ വീശുന്നത്. ഫോട്ടോ: എ എന്‍ ഐ

പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ബെംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും

content highlights: cyclone fani set to hit odisha