ന്യൂഡല്‍ഹി: ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചുഴലിക്കാറ്റില്‍ എട്ട് മരണം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്.

ഫോനി നാശം വിതച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ക്ഷേത്ര നഗരമായ പുരിയൂടെ ഭൂരിഭാഗം മേഖലകളും ശക്തമായ പേമാരിയില്‍ വെള്ളത്തിടിയിലായി. സർക്കാർ 11ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്.ഇതില്‍ 600 ഗര്‍ഭിണികളുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രാജ്യം ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് . ആദ്യഘഡുവായി 1000 കോടിയാണ് അനുവദിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈകുന്നേരം മൂന്ന് മുതല്‍ നാളെ രാവിലെ എട്ട് വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. കൊല്‍ക്കത്തയില്‍ നിന്നുള്ള 200ഓളം വിമാന സർവീസുകൾ നിര്‍ത്തി വെച്ചു. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തിരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു. 

ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി 5ന് പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലി 6 ലേക്ക് മാറ്റി.

ഫോനി ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. 

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.  ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. 

പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ബെംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും.

content highlights: cyclone fani hits odisha,3 died