ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് 81 ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു. ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 19 ജില്ലകളില്‍ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ചേക്കാമെന്നാണ്‌ നിഗമനം. 

റദ്ദാക്കിയ ട്രെയിനുകളില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ പണം മടക്കി നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ നടപടി സ്വീകരിക്കാന്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

യാത്രക്കാര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി റെയില്‍വെ അറിയിച്ചു. സ്റ്റേഷനില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ റെയില്‍വെയുടെ ഭക്ഷണശാലകളില്‍ ലഭ്യമാക്കും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ മറ്റ് ഗതാഗതസൗകര്യങ്ങളും റെയില്‍വെ ഒരുക്കിയിട്ടുണ്ട്. 

ഹൗറ-ചെന്നൈ സെന്‍ട്രല്‍ കോറോമാന്‍ഡല്‍ എക്‌സ്പ്രസ്, പട്‌ന-എറണാകുളം എക്‌സ്പ്രസ്, ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ്, ഹൗറ ഹൈദരാബാദ് ഈസ്റ്റ്‌ കോസ്റ്റ് എക്‌സ്പ്രസ്, ഭുവനേശ്വര്‍-രാമേശ്വരം എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ചില പ്രധാന ട്രെയിനുകള്‍.

റെയില്‍വെ ജീവനക്കാര്‍ 24 മണിക്കൂറും യാത്രക്കാരുടെ സഹായത്തിനായി ഉണ്ടാകണമെന്നും റെയില്‍വെ പ്രത്യേകം നിര്‍ദേശിച്ചു. യാത്രക്കാരുടെ സഹായത്തിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറും റെയില്‍വെ നല്‍കിയിട്ടുണ്ട്. 

 

Content Highlights: Cyclone Fani, 81 trains cancelled, 2 diverted