ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവത്തിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണം ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിങ്. ഗ്രിഡ് തകരാറിന് പിന്നില്‍ ഹാക്കിങ് ശ്രമമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാനുഷിക പിഴവാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയോ പാകിസ്താനോ സൈബര്‍ ആക്രമണം നടത്തിയതാണ് വൈദ്യുതി തടസപ്പെടാന്‍ കാരണം എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈവശമില്ല. സൈബര്‍ ആക്രമണം നടത്തിയത് ചൈനീസ് സംഘമാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അതിന്റെ തെളിവുകളൊന്നും തങ്ങളുടെ കൈവശമില്ല. ചൈനയും ആരോപണം നിഷേധിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

രാജ്യത്തിന്റെ തെക്കും വടക്കുമുള്ള വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണങ്ങള്‍ നടന്നു. എന്നാല്‍ മാല്‍വയറിന് വൈദ്യുതി വിതരണം തടസപ്പെടുത്താനായില്ല. മുംബൈയില്‍ വൈദ്യുതി നിലച്ചതിനെപ്പറ്റി രണ്ട് സംഘങ്ങള്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി നിലയ്ക്കാന്‍ കാരണം മാനുഷിക പിഴവാണെന്നും സൈബര്‍ ആക്രമണമല്ല എന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. സൈബര്‍ ആക്രമണം നടന്നതായി ഒരു സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വൈദ്യുതി തടസപ്പെടാന്‍ കാരണം അതല്ല.

2020 ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണം ആകാമെന്ന സംശയം അമേരിക്ക കേന്ദ്രമായ സ്ഥാപനമാണ് അടുത്തിടെ പഠന റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. മഹാരാഷ്ട്ര സര്‍ക്കാരും ഈ നിഗമനത്തെ ഭാഗികമായി പിന്തുണച്ചിരുന്നു. ദീര്‍ഘനേരം വൈദ്യുതി തടസപ്പെട്ടതിന് പിന്നില്‍ സൈബര്‍ അട്ടിമറിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സൈബര്‍ ആക്രമണ ഭീഷണി മുംബൈക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ വെല്ലുവിളിയാണെന്നും വിഷയത്തെ രാഷ്ട്രീയവത്കരിച്ചിട്ട് കാര്യമില്ലെന്നും ദേശ്മുഖ് പറഞ്ഞിരുന്നു. വൈദ്യുതി നിലച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ ബുധനാഴ്ച പുറത്തുവിടുമെന്നാണ് മഹാരാഷ്ട്ര ഊര്‍ജമന്ത്രി നിതിന്‍ റാവത്ത് വ്യക്തമാക്കിയിട്ടുള്ളത്.

Content Highlights: Cyber attacks took place; but didn't cause Mumbai power outage - Centre