ചരൺജിത്ത് സിങ് ചന്നി, സുഖ്ബീർ സിങ് ബാദൽ, അമരീന്ദർ സിങ് | Photo: ANI, Reuters
ഛണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ്ങ് ചന്നി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ ആസ്തിയില്‍ അഞ്ച് കോടി രൂപയുടെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2017ല്‍ 14.51 കോടി ആയിരുന്നു ചന്നിയുടെ ആസ്തി. 2022ല്‍ അത് 9.45 കോടി ആയി കുറഞ്ഞു. മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ആസ്തിയില്‍ 2017 മുതല്‍ 20 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിങ്ങ് സിദ്ധുവിന്റെ ആസ്തിയില്‍ 1.25 കോടിയുടെ കുറഞ്ഞു. 2017ല്‍ സിദ്ധുവിന്റെ ആകെ ആസ്തി 45.90 കോടി ആയിരുന്നെങ്കില്‍ 2022ല്‍ അത് 44.65 കോടിയായതായി എ.ഡി.ആര് റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ്ങ് ബാദലിന്റെ ആകെ ആസ്തിയില്‍ 100 കോടി രൂപ വര്‍ധിച്ചുവെന്നാണ് കണക്ക്. ആസ്തിയില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത് ബാദലിനാണ്. തിങ്കളാഴ്ചയാണ് എ.ഡി.ആര് റിപ്പോര്‍ട്ട് പുറത്തുവന്നത്.
റിപ്പോര്‍ട്ട് പ്രകാരം അഞ്ച് നേതാക്കളുടെ ആസ്തിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ (202 കോടി), കോണ്‍ഗ്രസ് നേതാവ് മന്‍പ്രീത് സിങ് ബാദല്‍ (32 കോടിയില്‍ നിന്ന് 72 കോടിയായി), എഎപി നേതാവ് അമാന്‍ അരോര (29 കോടി വര്‍ധിച്ചു), മുന്‍മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായി അമരീന്ദര്‍ സിങ്ങ് (20.41 കോടി വര്‍ധിച്ചു) എന്നിവരുടെ ആസ്തിയിലാണ് വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന എംഎല്‍എമാരില്‍ 67 കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആസ്തിയില്‍ ശരാശരി 1.47 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ശിരോമണി അകാലിദള്‍ നേതാക്കളുടേതാവട്ടെ ഇത് 8.18 കോടിയാണ്. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ ആസ്തിയില്‍ 3.21 കോടിയുടെ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 117 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..