ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുമായി അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ പാക് ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരിലും അതിര്‍ത്തിപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെ ചില പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് വ്യോമസേന തടഞ്ഞു. പാകിസ്താന്റെ എഫ്. 16 പോര്‍വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിടുകയും ചെയ്തു. 

ചൊവ്വാഴ്ച വൈകിട്ട് മുതല്‍ അതിര്‍ത്തിയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. ഒട്ടേറെ പാക് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അതിനിടെ ഇന്ത്യയുടെ രണ്ട് സൈനിക വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്താനും അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. എല്ലാ വിമാനങ്ങളും സൈനികരും സുരക്ഷിതരാണെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു. 

ഷോപ്പിയാനിലെ മീമന്ദറിലുമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഏറ്റുമുട്ടലിന് പിന്നാലെ ഷോപ്പിയാനിലും പുല്‍വാമയിലും സൈന്യം വ്യാപക തിരച്ചില്‍ നടത്തി. മേഖലയില്‍ ശക്തമായ നിരീക്ഷണവും പരിശോധനകളും തുടരുകയാണ്. 

ഇതിനിടെ ബുധ്ഗാമില്‍ ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ടായി. അപകടത്തില്‍ പൈലറ്റും കോ-പൈലറ്റും മരിച്ചതായും സാങ്കേതികതകരാറാണ് അപകടത്തിന് കാരണമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷം കലുഷിതമായതോടെ കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങള്‍ അടച്ചു. 

സുരക്ഷാനടപടികളുടെ ഭാഗമായാണ് അതിര്‍ത്തിയോട് ചേര്‍ന്ന വിമാനത്താവളങ്ങള്‍ അടച്ചത്. ജമ്മു, ലേ, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡീഗഡ്, വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും സര്‍വ്വീസ് റദ്ദാക്കി. ഇതിനു പിന്നാലെ പാകിസ്താനും പ്രധാന വിമാനത്താവളങ്ങള്‍ അടച്ചിട്ടു. മുള്‍ട്ടാന്‍, ഇസ്ലാമാബാദ്, ലാഹോര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിപ്രദേശങ്ങളിലെ വ്യോമപാതയിലൂടെ വ്യോമഗതാഗതവും താത്കാലികമായി നിര്‍ത്തിവെച്ചു. 

സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് രജൗറിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി നല്‍കിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സൈന്യം കശ്മീരിലെങ്ങും കനത്ത ജാഗ്രതതുടരുകയാണ്. 

Content Highlights: crucial situation in kashmir boarder after indian surgical strike