ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ യുവതി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്‌. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതിനു പിന്നാലെ സ്മൃതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. 

നിര്‍ഭയ കൂട്ടബലാത്സംഗം നടന്ന സമയത്ത് സ്മൃതി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് വനിത-ശിശു വികസന മന്ത്രി എവിടെയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നത്‌. സാമൂഹിക മാധ്യമങ്ങളില്‍നിന്നും സമാനമായ ചോദ്യം ഉയരുന്നുണ്ട്.

വിഷയത്തില്‍ മൗനം പാലിക്കുന്ന സ്മൃതി, യോഗി ആദിത്യനാഥിന്റെ പ്രസ്താവന ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്. 

വനിത-ശിശുക്ഷേമ വകുപ്പു മന്ത്രി ഉത്തര്‍ പ്രദേശില്‍നിന്നാണെന്നും അവര്‍ നിശ്ശബ്ദത പാലിക്കുകയാണെന്നും പറയുന്നതില്‍ ഞങ്ങള്‍ക്ക് നാണക്കേടുണ്ടെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് പറഞ്ഞു. സ്മൃതി ഒരു ഡ്രാമാക്വീന്‍ ആണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശവും നാണമില്ലാത്തതുമായ വനിത-ശിശുക്ഷേമ വകുപ്പു മന്ത്രി മന്ത്രിയാണെന്നും സുസ്മിത വിമര്‍ശിച്ചു. 

ഹത്രാസ് കേരളത്തിലാണെന്നും ആനയ്ക്കാണ് ക്രൂരത എന്നെങ്കിലുംസ്മൃതി ഇറാനിയോടും മനേക ഗാന്ധിയോടും പറയൂ. അപ്പോള്‍ തന്നെ അവര്‍ വിഷയത്തില്‍ ഇടപെടുമെന്നും പരിഹാസം ഉയര്‍ന്നിട്ടുണ്ട്. 

content highlights: crticism against smriti irani over silence in hathras gang rape and murder case