ശ്രീനഗര്‍: സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലവേപ്പോരയില്‍വച്ചാണ് വെടിവെപ്പുണ്ടായത്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.

വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തി. നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് വെടിയേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മൂന്ന് ജവാന്മാര്‍ ചികിത്സയില്‍ കഴിയുകയാണ്.

ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസൈന്യം പ്രദേശം വളഞ്ഞ് പരിശോധന തുടങ്ങി. മാര്‍ച്ച് 22 ന് അഞ്ച് ഭീകരവാദികളെ ജമ്മു കശ്മീരിലെ ഷോപിയാനില്‍വച്ച് സുരക്ഷാസേന വധിച്ചിരുന്നു. ശക്തമായ ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്. ഷോപിയാന്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: CRPF trooper killed, 2 injured in terrorist attack in Srinagar