റായ്പുര്‍: ഛത്തീസ്ഗഡിലെ ധംതരി ജില്ലയില്‍  സിആര്‍പിഎഫും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.മറ്റൊരു ജവാന് പരിക്കേറ്റു. ഭോപ്പാല്‍ സ്വദേശി ഹരീഷ് ചന്ദ്രപാല്‍ (44) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാന്‍ സുധീര്‍ കുമാറിന്റെ സ്ഥിതി ഗുരുതരമല്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 
 
മാവോവാദികള്‍ക്കും ഏറ്റുമുട്ടലില്‍ വെടിയേറ്റതായി മാവോവാദി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡിജിപി സുന്ദര്‍രാജ് പി അറിയിച്ചു. സംഘത്തിലുള്ളവരുടെ മൃതദേഹം കൊണ്ടുപോകുന്ന പതിവ് മാവോവാദികള്‍ക്കുള്ളതിനാല്‍ മൃതശരീരമൊന്നും ലഭിച്ചില്ലെന്നും അതിനാല്‍ അവരില്‍ എത്ര പേര്‍ ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന കണക്ക് ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴി‍ഞ്ഞ ദിവസം കങ്കര്‍ മേഖലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ നാലു സിആര്‍പിഎഫ്  ജവാന്മാര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിആര്‍പിഎഫും ജില്ലാപോലീസും സംയുക്തമായാണ് മാവോവാദി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തെതുടര്‍ന്ന് മേഖലയില്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചു.

സംസ്ഥാന ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ ജവാന്മാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്കായി അടിയന്തര ചികില്‍സാസഹായം ഉറപ്പുവരുത്തുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു. 

 

 

Content Highlights: CRPF Jawan Dies, Another Injured In Chhattisgarh Maoist Encounter