റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോവാദികള്‍ക്കായി നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‌ വീരമൃത്യു. സിആര്‍പിഎഫിന്റെ ഗൊറില്ല സേനാവിഭാഗമായ കോബ്രയിലെ സൈനികനാണ് കൊല്ലപ്പെട്ടത്. ഒമ്പത് സൈനികര്‍ക്ക് പരിക്കേറ്റു. 

സുക്മ ജില്ലയിലെ ചിന്‍തല്‍നാര്‍ വനമേഖലയ്ക്കടുത്ത് ശനിയാഴ്ച രാത്രി എട്ടരയോടെയാണ്‌ ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ സൈനികരെ ഹെലികോപ്ടറുടെ സഹായത്തോടെ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. കോബ്രയുടെ 206 -ാം ബറ്റാലിയന്‍ കമാന്‍ഡോകള്‍ക്കാണ് പരിക്കേറ്റത്. 

സിആര്‍പിഎഫും പോലീസ് സേനയും സംയുക്തമായി മാവോവാദികള്‍ക്കായി നടത്തിയ തിരച്ചിലിനിടെ സ്‌ഫോടകവസ്തു(ഐഇഡി) പൊട്ടിത്തറിക്കുകയായിരുന്നുവെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പി പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിന്‍ ഭലെറാവു ഞായറാഴ്ച പുലര്‍ച്ചെ 3.30 ന് മരിച്ചതായി സിആര്‍പിഎഫ് വക്താവ് അറിയിച്ചു. മഹാരാഷ്ട്രയിലെ നാഷിക് സ്വദേശിയാണ് നിതിന്‍ ഭലെറാവു. 

Content Highlights: CRPF CoBRA officer killed, 9 commandos injured in IED blast