അമിത് ഷാ, ജോൺ ബ്രിട്ടാസ്. photo: uni, ani
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം ആണെന്ന പരാതിയിലാണ് നോട്ടീസ്.
ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വിളിച്ച് വരുത്തിയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് ജോണ്‍ ബ്രിട്ടാസിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു.
ഫെബ്രുവരി 20-ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. ബി.ജെ.പി. നേതാവ് പി. സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ്.
ബ്രിട്ടാസിന്റെ ലേഖനം വലിയ തോതില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്നും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തിന് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സുധീര്‍, രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കിയത്. ഭാവിയില്‍ ഇത്തരം ധ്രുവീകരണം സൃഷ്ടിക്കുന്ന ലേഖനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ സുധീര്‍ ആവശ്യപ്പെട്ടിരുന്നു.
പരാതി വിചിത്രമെന്ന് ബ്രിട്ടാസ്
ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ തനിക്ക് എതിരെ പരാതി നല്‍കിയത് വിചത്രമായ സംഭവമാണെന് ജോണ്‍ ബ്രിട്ടാസ്. കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് എതിരായാണ് താന്‍ ലേഖനം എഴുതിയത്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിന്റെ പേരിലുള്ള നടപടി അദ്ഭുതപ്പെടുത്തുന്നത് ആണെന്നും ബ്രിട്ടാസ് മാതൃഭൂമിയോട് പറഞ്ഞു.
തന്നെ രേഖാമൂലം ഉപരാഷ്ട്രപതി വിളിച്ചു വരുത്തിയ കാര്യം ബ്രിട്ടാസ് സ്ഥിരീകരിച്ചു. ലേഖനത്തെ കുറിച്ച് ആരായുകയും, അതിലുള്ള വിശദീകരണം നല്‍കുകയും ചെയ്തു. അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കേരള മുഖ്യമന്ത്രി ഉള്‍പ്പടെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: criticism against amit shah, rajya sabha chairman sends notice to john brittas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..