മുംബൈ: ഭര്‍ത്താവ് രാജ്കുന്ദ്ര നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡ് നടി ശില്‍പാ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇന്ന് വൈകീട്ടാണ് മുംബൈയിലെ വീട്ടിലെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ചോദ്യം ചെയ്യലിനും മൊഴി രേഖപ്പെടുത്തുന്നതിനുമാണ് എത്തിയതെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യല്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശില്‍പാ ഷെട്ടി സമ്മതിച്ചതിച്ചിട്ടുണ്ട്. ഭര്‍ത്താവ് രാജ്കുന്ദ്രയുടെ നീലചിത്ര നിര്‍മാണവുമായി നടിക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നതാണ് പോലീസ് ആരാഞ്ഞത്‌.

നീലചിത്ര നിര്‍മാണ വിവാദത്തിലെ പ്രധാന കേന്ദ്രമാണ് രാജ്കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ എന്ന കമ്പനി. ഇതിന്റെ ഡയറക്ടറായിരുന്നു ശില്‍പ. വിയാന്‍ എന്ന കമ്പനിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അശ്ലീല വീഡിയോ റാക്കറ്റ് നടത്തിയിരുന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് 2020-ല്‍ ശില്‍പാ ഷെട്ടി രാജിവെച്ചിട്ടുണ്ട്.

മുംബൈ അന്ധേരി വെസ്റ്റിലുള്ള വിയാന്റെ ഓഫീസില്‍ നിന്ന് അശ്ലീല സിനിമകളുടേയും വീഡിയോകളുടേയും വന്‍ശേഖരമാണ് പോലീസ് അടുത്തിടെ പിടിച്ചെടുത്തത്.

20 ടെറാബൈറ്റ് ഡാറ്റയും ഇത് സംഭരിച്ച ഏഴ് സെര്‍വറുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഒരു ടി.ബി.ഡാറ്റ ഇല്ലാതാക്കിയിട്ടുണ്ട്. ഇത് വീണ്ടെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ്കുന്ദ്ര അറസ്റ്റിലായതിന് ശേഷമാണ് ഈ ഡാറ്റ ഇല്ലാതാക്കിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ക്കായി തിരച്ചിലിലാണ് പോലീസ്. 

ഭര്‍ത്താവിന്റെ കമ്പനിയില്‍ നിന്ന് രാജിവെക്കാനിടയായ സാഹചര്യമടക്കം പോലീസ് ശില്‍പ ഷെട്ടിയില്‍ നിന്ന് ചോദിച്ചറിയും. കൂടാതെ നടിയുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അശ്ലീല വീഡിയോ നിര്‍മാണത്തില്‍നിന്ന് നിന്ന് ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം ഒരു ക്രിക്കറ്റ് വാതുവെയ്പ്പ് കമ്പനിയിലേക്ക് രാജ് കുന്ദ്ര നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിലാണ്.