വീടിൻറെ ഭിത്തിയും റോഡും വിണ്ടുകീറിയ നിലയിൽ | ഫോട്ടോ: എ.എൻ.ഐ
ഖാട്ടിമ: ഉത്തരാഖണ്ഡിലെ ജോശിമഠ് നഗരത്തില്‍ ഭൂമിയും വീടുകളും വിണ്ടുകീറുന്നതും ഇടിഞ്ഞുവീഴുതന്നതും തുടരുന്നു. വിചിത്രമായ ഭൗമ പ്രതിഭാസം മൂലം നൂറുകണിക്കിനു പേര്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജീവന് ഭീഷണിയുയരുന്ന സാഹചര്യത്തില്‍ സുരക്ഷിത താമസസ്ഥലം ഒരുക്കണമെന്നാവശ്യപ്പെട്ട് പലയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ചമോലി ജില്ലയിലെ ജോശിമഠ് നഗരത്തിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും തറയിലും റോഡുകളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഓരോ ദിവസം കഴിയുംതോറും വലുതായി വരികയുമാണ്. നഗരത്തിലെ 576 വീടുകള്‍ അപകടനിലയിലാണ്. മൂവായിരത്തോളം പേരെയാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്.
ഭൂമിക്കടിയില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന സംഭവങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളം ഒഴുകിയ പലയിടത്തും ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. കടുത്ത ശൈത്യത്തോടൊപ്പം വീടുകള്‍ അപകടനിലയിലാവുക കൂടി ചെയ്തതോടെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്. പ്രശ്നം രൂക്ഷമായി ബാധിച്ച 66 കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു.
സിങ്ധര്‍, മാര്‍വാഡി തുടങ്ങിയ പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ രൂപപ്പെടുന്നത് വര്‍ധിച്ചിട്ടുണ്ട്. സിങ്ധര്‍ മേഖലയിലെ ബദ്രീനാഥ് ദേശീയപാതയിലും മാര്‍വാഡിയിലെ ജെപി കമ്പനി ഗേറ്റിലും വലിയ വിള്ളലുകളാണ് രൂപപ്പെട്ടിട്ടുള്ളത്. ഓരോ മണിക്കൂര്‍ കഴിയുമ്പോഴും വിള്ളല്‍ വലുതായി വരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്, ജോശിമഠ് മുനിസിപ്പല്‍ ചെയര്മാന് ശൈലേന്ദ്ര പവാര്‍ പറഞ്ഞു.
ജോശിമഠില്‍ വിള്ളലുകള്‍ രൂപപ്പെട്ട പ്രദേശങ്ങളില്‍ ഭൗമശാസ്ത്രജ്ഞരും ദുരന്തനിവാരണ സേനാംഗങ്ങളും പോലീസും അടക്കമുള്ളവര്‍ പരിശോധന നടത്തി. ഭൂമിക്കടിയില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നതുമൂലമാണ് വീടുകളില്‍ വിള്ളലുകള്‍ രൂപപ്പെടുന്നതെന്നാണ് വിലയിരുത്തലെന്ന് ശൈലേന്ദ്ര പവാര്‍ പറഞ്ഞു. വിഷയം ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോശിമഠില്‍ വലിയതോതില്‍ ഭൂമിയില്‍ വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഉടന്‍ ജോശിമഠ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി പന്തംകൊളുത്തി പ്രതിഷേധിച്ചു. നഗരത്തിലെ ഊര്ജ്ജോല്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു ജങ്ങളുടെ പ്രതിഷേധം.
Content Highlights: Cracks In Houses, Roads In Joshimath Uttarakhand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..