അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ അതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കമുള്ളവര്‍ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായാണ് സൂചന. 

അധികാരം ഏറ്റെടുത്ത് മൂന്നു ദിവസത്തിനു ശേഷമാണ് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ച് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നിതിന്‍ പട്ടേല്‍ ബിജെപി പ്രസിഡന്റ് ജിത്തു വഗാനി എന്നിവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. 

തനിക്ക് ആഭ്യന്തരവും നഗരവികസന വകുപ്പുകള്‍ ലഭിക്കണമെന്ന നിലപാടാണ് നിതിന്‍ പട്ടേല്‍ സ്വീകരിച്ചത്. എന്നാല്‍ അതു ലഭിച്ചില്ലെന്നു മാത്രമല്ല പ്രധാനപ്പെട്ട മറ്റു വകുപ്പുകളും അദ്ദേഹത്തിന് നല്‍കാന്‍ നേതൃത്വം തയ്യാറായില്ല. വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിജയ് രൂപാണിയുമായുള്ള അഭിപ്രായഭിന്നത പ്രകടമായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

വഡോദര എംഎല്‍എ രാജേന്ദ്ര ത്രിവേദിയും മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിലുള്ള അതൃപ്തി രൂപാണിയെയും ബിജെപി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ മറ്റു 10 എംഎല്‍എമാര്‍ക്കൊപ്പം സ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ഗുജറാത്തില്‍നിന്നുള്ള എംഎല്‍എമാരും സമാനമായ ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.

മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുന്നതിനായി എംഎല്‍എമാര്‍ ഇത്തരം ഭീഷണികളുമായി രംഗത്തെത്തുന്നത് ബിജെപിയില്‍ പതിവില്ലാത്തതാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് കുറവ് എംഎല്‍എമാര്‍ മാത്രമാണ് ഇത്തവണ ബിജെപിക്ക് ഗുജറാത്തില്‍ ഉള്ളത് എന്നതാണ് വിലപേശലിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നതെന്നാണ് സൂചന.