അമൃത്പാൽ സിങും അനുയായികളും | Photo: ANI
ചണ്ഡീഗഢ്: വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി പഞ്ചാബ് പോലീസ്. കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്‌തെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പഞ്ചാബ് പോലീസ് ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, ഇയാളുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവെ ഇയാള്‍ രക്ഷപ്പെട്ടുവെന്നാണ് പോലീസ് അറിയിച്ചത്.
ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാന്‍ അമൃത്പാലിനോട് കീഴടങ്ങാനാണ് പോലീസ് ആവശ്യപ്പെടുന്നത്. ഇക്കാര്യം അമൃത്പാലിന്റെ കുടുംബത്തെ പോലീസ് അറിയിച്ചു. ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പോലീസ് നീക്കം നടത്തുന്നതിന് മുമ്പ് കേന്ദ്രം ഇവിടേക്ക് കൂടുതല്‍ സേനയെ അയച്ചിരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ ജി20യുമായി ബന്ധപ്പെട്ട യോഗം അവസാനിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സംസ്ഥാന പോലീസ് ഊര്‍ജിതമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാര്‍ച്ച് രണ്ടിന് ഇരുവരും നടത്തിയ കൂടിക്കാഴ്ചയില്‍ അമൃത്പാലിന്റെ അറസ്റ്റും വിഷയമായിരുന്നുവെന്നാണ് സൂചന. ക്രമസമാധന വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായെന്ന് അമിത് ഷായെ കണ്ടതിന് പിന്നാലെ മന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതേവിഷയത്തില്‍ പഞ്ചാബ് ഗവര്‍ണറുമായും മന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ, ഇന്ദിരാ ഗാന്ധിയുടെ അവസ്ഥയായിരിക്കും താങ്കള്‍ക്കെന്ന് അമിത് ഷായേയും മുന്‍ മുഖ്യമന്ത്രി ബിയന്ത് സിങ്ങിന്റെ പാതയിലാണ് നിങ്ങളെന്ന് മന്നിനേയും വെല്ലുവിളിച്ചതാണ് അമൃത്പാലിന്റെ അറസ്റ്റിലേക്ക് എത്രയും പെട്ടെന്ന് നീങ്ങാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
നേരത്തെ, 18 കമ്പനി കേന്ദ്ര സേനയെ ആഭ്യന്തരവകുപ്പ് സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ഇതില്‍ എട്ട് കമ്പനി കലാപങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ദ്രുതകര്‍മ്മ സേനയായിരുന്നു. ആകെ 19,000ത്തോളം കേന്ദ്ര സേനയെയാണ് സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. നിലവില്‍ അമൃത്പാലിന്റെ 78ഓളം കൂട്ടാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴോളം ഗണ്‍മാന്‍മാരെ അറസ്റ്റ് ചെയ്‌തെന്നും ജലന്ധര്‍ പോലീസ് കമ്മിഷണര്‍ അറിയിച്ചു. ഇയാള്‍ കടന്നുകളഞ്ഞെന്ന് കരുതുന്ന ജലന്ധറില്‍ കോണ്‍ഗ്രസ് എം.പിയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Content Highlights: Crackdown on Amritpal Singh after Amit Shah summoned Bhagwant Mann
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..