ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് 20 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ ഡേര സച്ഛാ സൗദ ആസ്ഥാനത്ത് നടന്ന പരിശോധനയെത്തുടര്‍ന്ന് മൂന്നുപേര്‍ അറസ്റ്റിലായി. ഡേര സച്ഛാ സൗദയുടെ ഐ.ടി മേധാവി വിനീത് കുമാര്‍, ആഡംബര വാഹനത്തിന്റെ ഡ്രൈവര്‍, ഡേര അംഗം എന്നിവരാണ് അറസ്റ്റിലായത്.
കോടതിയുടെ മേല്‍നോട്ടത്തില്‍ ഡേരാ ആസ്ഥാനത്ത് നടന്ന പരിശോധനയ്ക്ക് തൊട്ടുമുമ്പ് അവിടുത്തെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡേരയുടെ ഐ.ടി മേധാവി അറസ്റ്റിലായത്. വിനീത് കുമാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 60 ഓളം ഹാര്‍ഡ് ഡിസ്കുകള്‍ കണ്ടെത്തിയതായി സിര്‍സ പോലീസ് സൂപ്രണ്ട് അശ്വിന് ഷെന്‍വി മാധ്യമങ്ങളോട് പറഞ്ഞു.
പരിശോധനയ്ക്ക് തൊട്ടുമുമ്പ് ഡേര ആസ്ഥാനത്തെ നിരവധി കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്കുകള്‍ ഇളക്കിമാറ്റിയതായും സുപ്രധാന വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍നിന്ന് നീക്കിയതായും കണ്ടെത്തിയിരുന്നു. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചുമതലപ്പെടുത്തിയ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഡേരാ ആസ്ഥാനത്തെ മൂന്ന് ദിവസം നീണ്ട പരിശോധന. ഐ.ടി മേധാവിയെ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
ഗുര്‍മീതിന് തടവുശിക്ഷ ലഭിച്ച ഓഗസ്റ്റ് 28 ന് ഡേര ഉടമസ്ഥതയിലുള്ള ആഡംബര വാഹനം അഗ്നിക്കിരയായിരുന്നു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിലാണ് ഡേര ആസ്ഥാനത്തെ ഡ്രൈവറെ രാജസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡേര അംഗമായ ഭാഗ് സിങ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 14 ലക്ഷംരൂപ ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ഡേരാ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ രണ്ട് തുരങ്കങ്ങളും അനധികൃത പടക്ക നിര്‍മ്മാണശാലയും അടക്കമുള്ളവ പോലീസ് കണ്ടെത്തിയിരുന്നു. വനിതാ ഹോസ്റ്റലിലേക്ക് നീളുന്നതായിരുന്നു തുരങ്കങ്ങളില്‍ ഒന്ന്. ഗുര്‍മീത് റാം റങീം സിങ്ങ് ബലാസ്തംഗക്കേസില് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ 35 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡേരാ ആസ്ഥാനത്ത് കോടതി മേല്‍നോട്ടത്തില്‍ പോലീസ് പരിശോധന നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..