ന്യൂഡല്‍ഹി: ബി.ജെ.പിയെ മുഖ്യ ശത്രുവായി കണ്ട് അടവ് നയത്തില്‍ മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി സി.പി.എം ജനറല്‍  സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ ഉള്ള സാഹചര്യമല്ല ഇപ്പോഴത്തേത്. കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ മാറ്റം വരുമെന്നും യെച്ചൂരി സൂചന നല്‍കി. ഡല്‍ഹിയില്‍ നടന്ന പി.ബി യോഗത്തില്‍ യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവു നയത്തില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരു പോലെ എതിര്‍ക്കണമെന്ന നിലപാടായിരുന്നു എടുത്തിരുന്നത്. എന്നാല്‍ ഈ നയത്തില്‍ മാറ്റമുണ്ടാകുമെന്ന സൂചനയാണ് പി.ബി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപ രേഖയില്‍  ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിനെയല്ല ബി.ജെ.പിയെ ആണ് മുഖ്യശത്രുവായി കാണേണ്ടതെന്ന് സീതാറാം യെച്ചൂരി അവതരിപ്പിച്ച രൂപരേഖ ചൂണ്ടിക്കാട്ടുന്നു. ബംഗാള്‍ ഘടകം നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേരള ഘടകം ഈ നിലപാടിനെതിരായിരുന്നു. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ ഇക്കാര്യത്തില്‍ മാറ്റം വരുത്തുമെന്നുള്ള വ്യക്തമായ സൂചനയാണ് പി.ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി മുന്നോട്ട് വെച്ചത്. 

പി.ബിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയില്‍ ബംഗാള്‍ ഘടകം തങ്ങളുടെ മുന്‍ നിലപാട് ആവര്‍ത്തിച്ചുവെങ്കിലും കേരളഘടകവും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നതില്‍ എതിര്‍ത്ത് നിന്നു. കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ മിതത്വം പാലിക്കുന്നത് കേരളത്തില്‍ പ്രശ്‌നമുണ്ടാക്കുമെന്നും അത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും കേരളം ഘടകം ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രക്കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക. ഒക്ടോബര്‍ 14-ാം തീയതിയാണ് കേന്ദ്രകമ്മിറ്റി. ഇതിന് മുന്നോടിയായി ഒക്ടോബര്‍ രണ്ടിന് വീണ്ടും പി.ബി യോഗം ചേരും. ഈ യോഗത്തിലായിരിക്കും കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട രൂപ രേഖയ്ക്ക് അന്തിമ രൂപം നല്‍കുക.