Photo: Mathrubhumi
അഗർത്തല: ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും സമാനമായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനവുമായി ത്രിപുരയിൽ സി.പി.എം.
വെള്ളിയാഴ്ച പുറത്തുവിട്ട പ്രകടനപത്രികയിലാണ് സംസ്ഥാനത്ത് അധികാരം ലഭിച്ചാൽ പഴയ പെൻഷൻ തിരികെക്കൊണ്ടുവരുമെന്നത് പ്രധാനവാഗ്ദാനമാക്കിയത്. ഹിമാചൽപ്രദേശിൽ ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത് പഴയ പെൻഷൻ വാഗ്ദാനമാണ്. പഞ്ചാബിലെ തകർപ്പൻ വിജയത്തിന് ആം ആദ്മി പാർട്ടിയെയും അതു സഹായിച്ചു. ഡൽഹിയിലും എ.എ.പി. സർക്കാർ പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്നു. അതിനിടെയാണ് സി.പി.എമ്മും സമാനവഴിയിലേക്ക് തിരിയുന്നത്. 1,88,494 സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ് ത്രിപുരയിലുള്ളത്. ഇവരുടെ വോട്ടിൽ കണ്ണുവെച്ചുകൊണ്ടാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാർക്ക് എല്ലാ വർഷവും രണ്ടു ഡി.എ. വർധന, പുറത്തായ 10,323 അധ്യാപകരെ തിരിച്ചെടുക്കും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും തുടങ്ങിയവയും വാഗ്ദാനങ്ങളിലുൾപ്പെടുന്നു.
രണ്ടരലക്ഷം പുതിയ തൊഴിലവസരങ്ങൾ, നിർധനരായ മുതിർന്ന പൗരന്മാർക്ക് പെൻഷൻ, ഗോത്ര കൗൺസിലിന് കൂടുതൽ സ്വയംഭരണാധികാരം, തൊഴിലുറപ്പു പദ്ധതിയിൽ വർഷം 200 തൊഴിൽദിനങ്ങൾ എന്നിവ ഇടതു മുന്നണി കൺവീനർ നാരായൺ പത്രസമ്മേളനത്തിൽ പുറത്തുവിട്ട സി.പി.എം. പ്രകടനപത്രികയിലെ മറ്റു പ്രധാന വാഗ്ദാനങ്ങളാണ്.
ബി.ജെ.പി. മുക്ത ത്രിപുര ലക്ഷ്യം
തിരഞ്ഞെടുപ്പിൽ സംയുക്ത പ്രചാരണം തുടങ്ങുന്നതിനെക്കുറിച്ച് സി.പി.എം. സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗധരി വെള്ളിയാഴ്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബിരജിത് സിൻഹയുടെ വീട്ടിലെത്തി ചർച്ച നടത്തി. ത്രിപുരയിൽ ആദ്യമായാണ് ഇരുപാർട്ടികളും സഖ്യത്തിൽ മത്സരിക്കുന്നത്. സീറ്റുധാരണയിലെ പ്രശ്നം പരിഹരിച്ചതോടെ ഇനി ഒരുമിച്ചുള്ള പ്രചാരണത്തിന് ഇറങ്ങുകയാണെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. ബി.ജെ.പി. മുക്ത ത്രിപുരയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
259 സ്ഥാനാർഥികൾ
:പത്രിക പിൻവലിക്കാനുള്ള അവസരം വ്യാഴാഴ്ച പൂർത്തിയായതോടെ ആകെ 259 സ്ഥാനാർഥികളാണ് ത്രിപുരയിൽ മത്സരരംഗത്തുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കിരൺ ഗിറ്റെ അറിയിച്ചു. ഭരണസഖ്യത്തിലെ ബി.ജെ.പി. 55 സീറ്റിലും ഐ.പി.എഫ്.ടി. ആറു സീറ്റിലും ജനവിധി തേടും. ഒരു സീറ്റിൽ രണ്ടു പാർട്ടികൾക്കും സ്ഥാനാർഥിയുണ്ട്. ഇടതുമുന്നണി 46 സീറ്റിലും കോൺഗ്രസ് 13 ഇടത്തും മത്സരിക്കും; ഒരു സീറ്റ് സ്വതന്ത്രനാണ്. ഗോത്രവിഭാഗക്കാർക്കിടയിൽ നല്ല സ്വാധീനമുള്ള പ്രാദേശികകക്ഷി തിപ്ര മോത്ത 42 സീറ്റുകളിൽ മത്സരിക്കും. തൃണമൂൽ കോൺഗ്രസിന് 28 മണ്ഡലങ്ങളിൽ സ്ഥാനാർഥികളുണ്ട്.
Content Highlights: cpm offers old pension scheme at tripura
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..