കൊല്‍ക്കത്ത: സിപിഎം-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച അടവുനയത്തില്‍ കാരാട്ട് പക്ഷത്തിന് മുന്‍ത്തൂക്കം. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസാരിച്ച കേരളത്തില്‍ നിന്നുള്ള നാല് പ്രതിനിധികളും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ പ്രതിനിധികളും കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിര്‍ത്തു. 

പാര്‍ട്ടിയുടെ നിലവിലെ നയത്തില്‍ നിന്നു പിന്നോട്ട് പോകേണ്ട സാഹചര്യമില്ലെന്നും കോണ്‍ഗ്രസുമായി സമവായം ആവശ്യമില്ലെന്നുമാണ് കാരാട്ട് പക്ഷം കേന്ദ്ര കമ്മിറ്റിയില്‍ നിലപാട് എടുത്തത്. എന്നാല്‍, സമവായത്തിനുള്ള നീക്കവുമായാണ് ബംഗാള്‍ ഘടകം എത്തിയിരിക്കുന്നത്. 

കോണ്‍ഗ്രസുമായി സമവായമാകാമെന്ന് നിലപാട് യെച്ചൂരി പക്ഷവും നിലവിലെ നയങ്ങളില്‍ നിന്ന് വ്യതിചലിക്കേണ്ടതില്ലെന്ന് കാരാട്ട് പക്ഷവും നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ ആവശ്യം. 

ഇപ്പോള്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചകള്‍ക്കു ശേഷം വൈകുന്നേരം നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഐക്യകണ്‌ഠേന എടുക്കണോ അതോ വോട്ടെടുപ്പിലേക്ക് നീങ്ങണോയെന്നും തീരുമാനിക്കുന്നത്. 

ഇന്നലെ രാവിലെ പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും കരട് രേഖകള്‍ അവതരിപ്പിച്ചതെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷമാണ് ചര്‍ച്ചകള്‍ നടന്നത്. ഇതില്‍ കേരളത്തിന്റെ പ്രതിനിധികളായ എ.കെ. ബാലന്‍, ഇ.പി ജയരാജന്‍ തുടങ്ങി നാല് പേരാണ് സംസാരിച്ചത്. പാര്‍ട്ടി നയങ്ങളില്‍ നിന്ന് പിന്നോട്ട് പോകേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന പൊതു നിലപാടാണ് കേരളത്തില്‍ നിന്നുള്ളവര്‍ സ്വീകരിച്ചത്.

അതേസമയം, യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് മുതിര്‍ന്ന് സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി. ബിജെപിക്കെതിരേ മതനിരപേക്ഷ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്നാണ് അദ്ദേഹം കേന്ദ്ര കമ്മിറ്റിയില്‍ അറിയിച്ചത്.