ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരണം ആകാം എന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് കേന്ദ്രകമ്മിറ്റി തള്ളി.

ബിജെപിക്കെതിരായി ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യം ആവാമെന്ന യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യമാണ് കേന്ദ്രകമ്മിറ്റി നിരാകരിച്ചത്‌.

കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രാമുഖ്യം ലഭിച്ചത്. വോട്ടെടുപ്പ് നടത്താതെയാണ് കേന്ദ്ര കമ്മിറ്റി തീരുമാനം കൈക്കൊണ്ടത്. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപാലെ എതിര്‍ക്കുക എന്ന നിലവിലെ നിലപാടില്‍ ഒരുതരത്തിലുള്ള മാറ്റവും വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ ഈ നിര്‍ദ്ദേശം വീണ്ടും ബംഗാള്‍ ഘടകം ഉന്നയിക്കും.

ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചേര്‍ന്ന് മുന്നോട്ടുപോകണം എന്ന നിലപാടാണ് സി.പി.എം. ജനറല്‍ സെക്രട്ടറി യെച്ചൂരി കൈക്കൊണ്ടത്. ബംഗാള്‍ ഘടകം ഒന്നാകെ യെച്ചൂരിയുടെ നിലപാടിനൊപ്പം നിലയുറപ്പിച്ചിരുന്നു. കേരളത്തില്‍നിന്ന് വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു. വി.എസ്സും ഐസക്കും ഒഴികെ കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഒന്നാകെ കാരാട്ടിന്റെ നിലപാടിനെ പിന്തുണച്ചു.

ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ നിലപാടില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് കേന്ദ്രകമ്മിറ്റി വോട്ടെടുപ്പിലേക്ക് നീങ്ങിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വോട്ടെടുപ്പിന് തയ്യാറാണെന്നു ബംഗാള്‍ ഘടകം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഭിന്നത രൂക്ഷമായതോടെ അന്തിമ തീരുമാനം ജനുവരിയില്‍ കൈക്കൊള്ളാം എന്ന തീരുമാനത്തിലേക്ക് യോഗം എത്തുകയായിരുന്നു. അതിനിടയില്‍ വീണ്ടും വിഷയം ചര്‍ച്ചചെയ്യാനുള്ള തീരുമാനമാണ് പിബിയിലുണ്ടായത്.