Photo: PTI
അഗർത്തല: ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൈകോർത്ത സി.പി.എമ്മും കോൺഗ്രസും 16 സീറ്റുകളിൽ എതിരേ നിർത്തിയ സ്ഥാനാർഥികളെ ഒടുവിൽ പിൻവലിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ വ്യാഴാഴ്ച അന്തിമനിമിഷംവരെ സസ്പെൻസ് നിലനിർത്തിയ ശേഷമാണ് സ്ഥാനാർഥികളെ ഒഴിവാക്കിയത്. പൊതുമിനിമം പരിപാടി വൈകാതെ പ്രഖ്യാപിക്കുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറിയും കേന്ദ്രസമിതിയംഗവുമായ ജിതേന്ദ്ര ചൗധുരി പറഞ്ഞു. ഇടത്-കോൺഗ്രസ് കൂട്ടുകെട്ട് ഭദ്രമാണെന്നും ബി.ജെ.പി.യുടെ കാടൻഭരണത്തിനെതിരെയാണ് പോരാട്ടമെന്നും പി.സി.സി. അധ്യക്ഷൻ ബിരജിത് സിൻഹയും പറഞ്ഞു.
കോൺഗ്രസിന് 13 സീറ്റുകളാണ് മത്സരിക്കാനായി അനുവദിച്ചത്. സി.പി.എം. 43 സീറ്റുകൾ ഉറപ്പാക്കി. അണികൾ വൻപ്രതിഷേധം ഉയർത്തിയതോടെ സഖ്യധാരണയ്ക്ക് വിരുദ്ധമായി കോൺഗ്രസ് 16 സീറ്റുകളിൽ പത്രിക നൽകി.
സഖ്യം പൊളിയുമോയെന്ന ആശങ്കയെത്തുടർന്ന് കോൺഗ്രസിനു നൽകിയ 13 സീറ്റുകളിൽ സി.പി.എമ്മും സ്ഥാനാർഥികളെ ഇറക്കി. കേന്ദ്രനേതൃത്വങ്ങൾ ഇടപെട്ട് സഖ്യചർച്ച പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് എതിരെ നിർത്തിയെ സ്ഥാനാർഥികളെ പിൻവലിക്കാൻ ഇരുപാർട്ടികളും ധാരണയിലെത്തിയത്. കോൺഗ്രസിന്റെ മൂന്നും സി.പി.എമ്മിന്റെ പതിമൂന്നും പത്രികകൾ വ്യാഴാഴ്ച വൈകീട്ട് പിൻവലിച്ചു.
ത്രിപുരയിൽ തിപ്ര മോത്ത തനിച്ചുതന്നെ
: ഗോത്രവർഗമേഖലകളിൽ വലിയ സ്വാധീനമുള്ള പ്രാദേശിക പാർട്ടി തിപ്ര മോത്തയെ ഒപ്പം കൂട്ടാൻ സി.പി.എം. അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തിപ്ര മോത്ത തിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിക്കുമെന്ന് പാർട്ടി നേതാവ് പ്രദ്യോത് ദേബ്‍ബർമ അറിയിച്ചു.
നേരത്തേ ബി.ജെ.പി.യുമായുള്ള സഖ്യചർച്ച പാളിയതോടെയാണ് തിപ്ര മോതയെ ചാക്കിലാക്കാൻ സി.പി.എം. വീണ്ടും ഇറങ്ങിയത്. എന്നാൽ, വ്യാഴാഴ്ച നടന്ന അവസാനഘട്ടചർച്ചയും ലക്ഷ്യം കണ്ടില്ല.
42 സീറ്റുകളിലാണ് തിപ്ര മോത സ്ഥാനാർഥികളെ നിർത്തിയത്. ഇതിൽ 20 മണ്ഡലങ്ങൾ ഗോത്രസംവരണങ്ങളാണ്.
Content Highlights: cpm and congress alliance secure in tripura
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..