തിരുവനന്തപുരം:  മാവോവാദി അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യു.എ.പി.എ ചുമത്തരുതെന്ന നിലപാടാണ് സി.പി.എമ്മിനുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.

യുഎപിഎ ചുമത്തിയ നടപടി എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

വിഷയത്തില്‍ പോലീസിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. എല്‍.ഡി.എഫ് ഭരണത്തില്‍ ഒരു നിരപരാധിയ്ക്കും നേരെ യു.എ.പി.എ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഒരു ദിവസത്തിന് ശേഷമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം പുറത്തുവരുന്നത്. 

Content Highlights: CPIM State Secretariat statement against UAPA