ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തില്‍ ഭിന്നത. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു. അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ കരട് യോഗം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പിബി യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. 

ഒരു വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്. ബിജെപിയെ ചെറുക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പിബി യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 

സിപിഎം ബംഗാള്‍ ഘടകത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ രണ്ട് പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യമായി. ഈ അനുഭവം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. കേരളത്തില്‍ നിന്നുള്ള സിപിഎം പ്രതിനിധികളും കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി എതിര്‍ത്തുവെന്നാണ് സൂചനകള്‍.