കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും| ഫയൽഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.
ശക്തരായ യുവ നേതാക്കളില്ലാത്ത പാര്‍ട്ടിയില്‍ കനയ്യകുമാറിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തില്‍ ഗുണമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടിയില്‍ അതൃപ്തനാണെന്നാണ് സൂചന. ഇതാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിക്കുന്നത്. വിഷയത്തെക്കുറിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പ്രതികരിച്ചത് അഭ്യൂഹങ്ങള്‍ താനും കേട്ടിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കനയ്യ പങ്കെടുത്ത് സംസാരിച്ചിരുന്നു എന്നത് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നാണ്.
ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ കനയ്യകുമാര്‍ ഇനിയും തയ്യാറായിട്ടില്ല. ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കനയ്യ ആഗ്രഹിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. കനയ്യയെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും മികച്ച പ്രാസംഗികനായ യുവ നേതാവിന്റെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുള്‍പ്പെടെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രബല വിഭാഗം വിശ്വസിക്കുന്നത്.
കനയ്യകുമാറിനൊപ്പം ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകമാകുമെന്നും പാര്‍ട്ടി കരുതുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. വഡ്ഗാം മണ്ഡലത്തില്‍ മത്സരിച്ച മേവാനിയെ സഹായിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിരുന്നില്ല.
Content Highlights: CPI young blood Kanhaiya Kumar set to join congress meets Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..