ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി.പി.എം, സി.പി.ഐ. ദേശീയ നേതാക്കള്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും. 

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ. ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാനകമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി ഹാഥ്‌റസിലെത്തുന്നത്. 

നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, സി.ഐ.ടി.യു. ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

19കാരിയെ നാലുപേര്‍ചേര്‍ന്ന് സെപ്റ്റംബര്‍ 14 നാണ് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. പോലീസിന് വിവരം നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചു. കുടുംബാംഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി. കൃഷിസ്ഥലത്ത് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 28 ന് ഡല്‍ഹി എയിംസിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസമാണ് മരിച്ചത്. 

മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം മറവുചെയ്തതിനെതിരെ രാജവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകരേയോ, രാഷ്ട്രീയ നേതാക്കളേയോ യുപി പോലീസ് തുടക്കത്തില്‍ അനുവദിച്ചിരുന്നില്ല. 

Content Highlights: CPI(M), CPI delegation to meet family of Hathras gangrape victim on Oct 6